ലാഹോർ: പാകിസ്താനിൽ ഇംഗ്ലണ്ടിന്റെ ആധികാരിക ടെസ്റ്റ് പരമ്പര ജയം. മുൾത്താനിലെ രണ്ടാം ടെസ്റ്റിൽ 26 റൺസിനാണ് ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്. റാവൽപിണ്ടിയിൽ പടുകൂറ്റൻ സ്‌കോറുകൾ കണ്ട മത്സരത്തിൽ 74 റൺസിനാണ് സന്ദർശകർ ജയിച്ചത്. ആദ്യ ടെസ്റ്റിൽ ബൗളർമാരുടെ ശവപ്പറമ്പായി റാവൽപിണ്ടി പിച്ച് മാറിയതിന്റെ വിമർശനം ഇപ്പോഴും തുടരുന്നതിനിടെയാണ് പാകിസ്താന് സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരയും നഷ്ടമായത്.
ആദ്യ ടെസ്റ്റിൽ ടെസ്റ്റിൽ ഏഴ് സെഞ്ച്വറികൾ പിറന്നപ്പോൾ രണ്ടാം ടെസ്റ്റിൽ അത് ഒരു സെഞ്ച്വറിയായി ചുരുങ്ങിയതോടെ പിച്ച് നിർമ്മാണ വിവാദം പുകയുകയാണ്. ആദ്യ ഇന്നിംഗ്‌സിലും രണ്ടാം ഇന്നിംഗ്‌സിലുമായി ഇംഗ്ലണ്ട് 281, 275 എന്ന നിലയിൽ പുറത്തായപ്പോൾ പാകിസ്താനും അതേ കണക്കിൽ വിക്കറ്റ് നഷ്ടപ്പെടുത്തി 202നും, 328ലും വീണു. ഇംഗ്ലണ്ടിനായി ആദ്യ ടെസ്റ്റിൽ ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും(153, 87) നേടിയ ഹാരീ ബ്രൂക്ക് രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും 108 റൺസ് നേടി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. കളിയിലെ താരവും ബ്രൂക്ക് തന്നെ.
പാക് ടീമിലെ മധ്യനിര ബാറ്റർ സൗദ് ഷക്കീൽ(63, 94) എന്ന കണക്കിന് അർദ്ധ സെഞ്ച്വറി കളോടെ മധ്യനിരയിൽ മികച്ച ചെറുത്തുനിൽപ്പാണ് നടത്തിയത്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഷക്കീൽ 76 റൺസ് നേടിയിരുന്നു. ആദ്യ ടെസ്റ്റിൽ റാവൽപിണ്ടി പിച്ച് ബാറ്റർ മാരുടെ പറുദീസയായിരുന്നെങ്കിൽ രണ്ടാം ടെസ്റ്റിൽ മുൾത്താൻ നേരെ തിരിച്ച് ബൗളർമാർക്ക് അനുകൂലമായി. പാകിസ്താന്റെ അബ്രാർ അഹമ്മദ് 7, 4 എന്നീ നിലയിൽ രണ്ടാം ടെസ്റ്റിൽ 11 വിക്കറ്റുകൾ വീഴ്‌ത്തി സ്വപ്‌ന തുല്യനേട്ടമാണ് കൈവരിച്ചത്. ഇംഗ്ലണ്ടിന്റെ മാർക്ക് വുഡ് രണ്ടിന്നിംഗ്‌സിലുമായി 6 വിക്കറ്റും വീഴ്‌ത്തി.















