തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ നിരുപാധികം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ മുഖ്യമന്ത്രിക്ക് കത്തയച്ചു.
കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട അതീവ ഗൗരവമേറിയ വിഷയമാണിതെന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാട്ടി. ശബരിമലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭക്തരുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും നേരെ തുടർച്ചയായി കടന്നുകയറ്റങ്ങൾ ഉണ്ടായി.
2018-ലെ സംഭവവികാസങ്ങൾ അയ്യപ്പഭക്തരിൽ വലിയ വേദനയുണ്ടാക്കി. പിന്നാലെ ശബരിമല ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നത് ഭക്തരുടെ ആശങ്ക വർധിപ്പിച്ചു. ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ സ്വർണക്കവർച്ച സംബന്ധിച്ച എല്ലാ ആരോപണങ്ങളിലും സിബിഐ അന്വേഷണം നടത്തണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും സർക്കാർ നിരുപാധികം പിൻവലിക്കണം. മുഖ്യമന്ത്രിയായി അധികാരമേറ്റ സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ നീതിപൂർവവും സമയബന്ധിതവുമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ ഭക്തസമൂഹത്തിനുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ വ്യക്തമാക്കുന്നു. ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളാത്ത പക്ഷം അയ്യപ്പഭക്തരുടെ വിശ്വാസവും അവകാശങ്ങളും സംരക്ഷിക്കാൻ സംസ്ഥാനവ്യാപകമായി സമാധാനപരമായ ജനകീയ പ്രക്ഷോഭം ആരംഭിക്കാൻ ബിജെപി നിർബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.















