വാഷിംഗ്ടൺ : ചൈനയുടെ ചാരവൃത്തി ഭയന്ന് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്ക് നിരോധിക്കാനൊരുങ്ങി യുഎസ്. ഇത് സംബന്ധിച്ച് ബിൽ മൂന്ന് യുഎസ് നിയമനിർമ്മാതാക്കൾ ചേർന്ന് അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ മാർക്കോ റൂബിയോ, റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മൈക്ക് ഗല്ലഗെർ, ഡെമോക്രാറ്റ് അംഗമായ രാജാ കൃഷ്ണമൂർത്തി എന്നിവരാണ് നിയമനിർമ്മാണത്തിന് ശുപാർശ നൽകിയത്.
ചൈനയുടെയും റഷ്യയുടെയും സ്വാധീനത്തിലുള്ള സോഷ്യൽ മീഡിയ കമ്പനികളുമായുള്ള എല്ലാ ഇടപാടുകളും തടയണമെന്നാണ് ബില്ലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബെയ്ജിംഗിന്റെ നിയന്ത്രണത്തിലുള്ള ടിക്ടോക്ക് നിരോധിക്കേണ്ട സമയമാണിതെന്ന്, ടിക് ടോക്കിന്റെ ഭീഷണിയിൽ നിന്ന് അമേരിക്കൻ ജനതയെ സംരക്ഷിക്കാൻ ബൈഡൻ ഭരണകൂടം ഇതുവരെ ഒരു നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, റൂബിയോ പറഞ്ഞു.
ചൈനീസ് സർക്കാരിൽ നിന്ന് ആളുകളുടെ ഡാറ്റ സംരക്ഷിക്കാനുള്ള മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന്റെ കഴിവിനെക്കുറിച്ച് കഴിഞ്ഞ ആഴ്ചകളിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനിടെയാണ് ആപ്ലിക്കേഷൻ നിരോധിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.
2020ൽ, അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ഉപയോക്താക്കളെ ടിക്ക് ടോക്ക് ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് തടയാനും മറ്റ് ഇടപാടുകൾ നിരോധിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ നിയമപോരാട്ടങ്ങലിൽ പരാജയപ്പെട്ടതോടെ നിരോധനം ഏർപ്പെടുത്താൻ കഴിഞ്ഞില്ല.
ചൈനീസ് സർക്കാരുമായി ഈ വിവരങ്ങൾ പങ്കിടുന്നില്ലെന്നും ചൈനയിൽ നിന്ന് ആർക്കൊക്കെ ഡാറ്റ ആക്സസ് ചെയ്യാമെന്ന് യുഎസ് ആസ്ഥാനമായുള്ള സുരക്ഷാ സംഘമാണ് തീരുമാനിക്കുന്നതെന്നും ടിക്ക് ടോക്ക് അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ടിക്ക് ടോക്ക് നിരോധനം ‘രാഷ്‌ട്രീയ പ്രേരിതം’ ആണെന്നാണ് ഇവർ ആരോപിക്കുന്നത്.
Comments