ടോക്യോ: ചൈനയുടെ അധിനിവേശ ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാനൊരുങ്ങി ജപ്പാൻ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക സജ്ജീകരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റെക്കോർഡ് പ്രതിരോധ വകയിരുത്തലിന് രാജ്യം അനുമതി നൽകിയതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിൽ നിന്നും ശക്തമായ ഭീഷണി നേരിടുന്നതിനാലും, പ്രത്യാക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് പ്രതിരോധ രംഗത്ത് കൂടുതൽ പണം ചിലവഴിക്കാൻ ജപ്പാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. ചൈനക്ക് പുറമേ ഉത്തര കൊറിയയിൽ നിന്നുമുള്ള ഭീഷണിയും ജപ്പാൻ നേരിടുന്നുണ്ട്.
ജിഡിപിയുടെ 2 ശതമാനം പ്രതിരോധ ചിലവുകൾക്കായി വിനിയോഗിക്കാനാണ് നിലവിൽ ജപ്പാൻ തീരുമാനിച്ചിരിക്കുന്നത്. കരയിൽ നിന്നും സമുദ്ര മാർഗത്തിലൂടെയും ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറം പ്രഹരശേഷിയുള്ള മിസൈലുകൾ ഉൾപ്പെടെ വാങ്ങാനാണ് ജപ്പാൻ തീരുമാനിച്ചിരിക്കുന്നത്.
തായ്വാന് മേൽ ചൈന നടത്തുന്ന അധിനിവേശ നീക്കങ്ങളേയും ജപ്പാൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ജപ്പാന്റെ സുസ്ഥിരതയ്ക്കും സമാധാനപൂർണമായ നിലനിൽപ്പിനും ചൈന കനത്ത ഭീഷണി ഉയർത്തുന്നതായി ജാപ്പനീസ് പ്രതിരോധ വിഭാഗം വിലയിരുത്തുന്നു. ലോകമഹായുദ്ധങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ചൈനയിൽ നിന്നും രാജ്യം നേരിടുന്നതെന്നും ജപ്പാൻ നിരീക്ഷിക്കുന്നു.
ജപ്പാന്റെ നീക്കങ്ങൾക്ക് ശക്തമായ പിന്തുണയുമായി അമേരിക്കയും രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റ ശ്രമങ്ങളെയും അമേരിക്ക രൂക്ഷമായി വിമർശിച്ചിരുന്നു.
മിസൈൽ പ്രതിരോധം ശക്തമാക്കാനാണ് പ്രധാനമായും ജപ്പാൻ ലക്ഷ്യമിടുന്നത്. പ്രതിരോധ സേനകളിലേക്ക് കൂടുതൽ പേരെ നിയമിക്കാനും ജപ്പാൻ തീരുമാനിച്ചിട്ടുണ്ട്. 500 അമേരിക്കൻ നിർമ്മിത ടോമോഹാക്ക് മിസൈലുകൾ ഉടൻ ജപ്പാനിലെത്തും എന്നാണ് റിപ്പോർട്ട്. ചൈനീസ്- ഉത്തര കൊറിയൻ അതിർത്തികളിൽ അടിയന്തിരമായി ആയിരം ദീർഘദൂര ക്രൂയിസ് മിസൈലുകൾ വിന്യസിക്കാനും ജപ്പാൻ തീരുമാനിച്ചിരിക്കുകയാണ്.
കടന്നുകയറ്റ ശ്രമങ്ങൾക്ക് ഇന്ത്യയിൽ നിന്നും ശക്തമായ തിരിച്ചടി നേരിട്ട ചൈനക്ക് അടുത്ത പ്രഹരമാവുകയാണ് ജപ്പാൻ നടത്തുന്ന വിപുലമായ ആയുധ ശേഖരണവും സൈനിക വിന്യാസവുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments