ദോഹ: ഫുട്ബോൾ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരായിരിക്കും ഖത്തറിൽ വിജയകിരീടം ചൂടുക എന്ന ആകാംക്ഷയിലാണ് ലോകമൊട്ടാകെയുള്ള ഫുട്ബോൾ ആരാധകർ. പ്രത്യേകിച്ച് മലയാളി ഫുട്ബോൾ പ്രേമികൾ. ഇതാദ്യമായിട്ടാണ് ഇത്രയധികം മലയാളികൾ ഫുട്ബോൾ ലോകകപ്പ് നേരിട്ടാസ്വദിക്കുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ മലയാളികളുടെ കുത്തൊഴുക്കായിരുന്നു സ്റ്റേഡിയങ്ങളിലേയ്ക്ക്. ഫൈനൽ മത്സരം കാണാനും ധാരാളം മലയാളികൾക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള കലാശപ്പോരാട്ടം നേരിട്ട് കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് മലയാളികൾ. ഇപ്പോഴിതാ, അവരുടെ ആവേശം പതിമടങ്ങ് വർദ്ധിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. ഫൈനൽ കാണാൻ മലയാളികളുടെ സ്വന്തം താരാ രാജാക്കന്മാരും ഖത്തറിന്റെ മണ്ണിൽ എത്തിയിട്ടുണ്ട്.
ഖത്തറിലെത്തിയ മോഹൻലാൽ ലോകകപ്പിന്റെ സംഘാടനത്തെ വാനോളം പുകഴ്ത്തി. ഖത്തറിൽ ലോകകപ്പ് നടക്കുന്നു എന്നതറിഞ്ഞതോടെ ഒരുപാട് സംശയങ്ങൾ വന്നിരുന്നു. എന്നാൽ, മികവോടെ തന്നെ വിശ്വ മാമാങ്കം സംഘടിപ്പിക്കാൻ ഖത്തറിന് കഴിഞ്ഞു എന്നാണ് മോഹൻലാൽ പറഞ്ഞത്. എല്ലാവരെയും പോലെ താനും ആവേശത്തിലാണെന്നും ഇന്ന് ആര് ജയിക്കുമെന്ന് പറയാനാവില്ല എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മൊറോക്കോയിൽ റാമിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ലോകകപ്പ് കാണാൻ മോഹൻലാൽ ഖത്തറിലേയ്ക്ക് എത്തിയത്.
ഖത്തറിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. മോഹൽലാലിനൊപ്പം മമ്മൂട്ടി കൂടി ഫുട്ബോൾ മാമാങ്കം കാണാൻ എത്തിയതോടെ മലയാളികൾ ആവേശത്തിലാണ്. ഫൈനൽ മത്സരത്തിന് താരം ഫെയ്സ്ബുക്കിലൂടെ ആശംസ അറിയിച്ചു. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം മുഴുവൻ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് എത്തുകയാണ്. അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു’ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.
Comments