കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. അമ്മു എന്നറിയപ്പെടുന്ന ശരണ്യ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍, ശരണ്യ, സഞ്ജു എന്നിവരെ അതിജീവിത തിരിച്ചറിഞ്ഞു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയില്‍ നിന്ന് മൊഴിയെടുത്തത്. തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യയാണെന്നാണ് യുവതി മൊഴി നല്‍കിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.
അറസ്റ്റിലായ സഞ്ജു കൂട്ടബലാത്സംഗത്തിന് കാവല്‍ നിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സഞ്ജുവും ശരണ്യയും കേസിലെ മുഖ്യപ്രതിയായ ശ്രീരാജിന്റെ സുഹൃത്തുക്കളാണെന്നാണ് പൊലീസ് പറയുന്നത്. ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നീ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ശരണ്യ ആറ് മാസം മുന്‍പാണ് സ്പായില്‍ ജോലിക്ക് എത്തിയതെന്നാണ് വിവരം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന അതിജീവിതയുടെ ഭര്‍ത്താവിന്റെ ആരോപണത്തിലും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും കടുത്ത മാനസിക സമ്മര്‍ദ്ദവും കാരണം നേരത്തെ യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
രാസലഹരി നല്‍കി പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ ഗുണ്ടാബന്ധങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്പാ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുന്നതും കൂടുതല്‍ കര്‍ശനമാക്കുന്നതും പരിഗണിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.















