സീരിയൽ കില്ലറായ ചാൾസ് ശോഭരാജിന്റെ മോചനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. ബിക്കിനി കില്ലർ എന്നറിയപ്പെടുന്ന 78 കാരൻ പ്രായാധിക്യമെന്ന പഴുതിലൂടെയാണ് തടവറയിൽ നിന്ന് രക്ഷപ്പെടുന്നത്. 15 ദിവസത്തിനകം ഇയാളെ നാടുകടത്താനായിരുന്നു നേപ്പാൾ സുപ്രീംകോടതിയുടെ ഉത്തരവ്.
1972 നും 1976 നും ഇടയിൽ രണ്ടു ഡസനിലധികം വരുന്ന വിനോദസഞ്ചാരികളെയാണ് സർപ്പന്റ് എന്ന അപരനാമമുള്ള ഇയാൾ കൊന്നുതള്ളിയത്. ചാൾസിന്റെ ക്രൂരകൃത്യങ്ങളോരോന്നും വീണ്ടും ചർച്ചയാകുമ്പോൾ നിഹിത ബിശ്വാസ് എന്ന യുവതിയെ അന്വേഷിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ.
തെളിവുകൾ അവശേഷിപ്പിക്കാത്ത കൊടും ക്രിമിനലെന്ന കുപ്രസിദ്ധിയിൽ ആഘോഷജീവിതം നയിക്കുന്നതിനിടെ ചാൾസിന്റെ ജീവിത സഖിയായ ആളാണ് നിഹിത ബിശ്വാസ്. ചാൾസിന്റെ അഭിഭാഷകന്റെ മകളായിരുന്നു നിഹിത. ജയിലിൽ വച്ചാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 2008 ൽ വിവാഹിതരാവുമ്പോൾ ചാൾസിന് പ്രായം 64 ഉം നിഹിതയ്‌ക്ക് 21 വയസുമായിരുന്നു. ചാൾസിന്റെ അവിശ്വസനീയമായ വ്യക്തിത്വമാണത്രേ നിഹിതയിൽ പ്രണയമുണ്ടാക്കിയത്. എന്നാൽ ഇവർ വിവാഹിതരായിട്ടില്ലെന്നാണ് നേപ്പാൾ പോലീസ് വാദിക്കുന്നത്.
ചാൾസ് നിഷ്‌കളങ്കനായ വ്യക്തിയാണെന്നും കൊലപാതകത്തിലൊന്നുപോലും അയാൾ ചെയ്തതല്ലെന്നും നിഹിത ഇന്നും വിശ്വസിക്കുന്നു. 2017 ൽ ചാൾസിന് ഹൃദയശസ്ത്രക്രിയ നടത്തിയപ്പോൾ നിഹിത രക്തം ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ബിഗ് ബോസ് സീസൺ 5 ൽ പങ്കെടുത്തതോടെ അവർ വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. അന്നും ചാൾസ് കുറ്റവാളിയാണെന്ന് കരുതുന്നില്ല എന്നായിരുന്നു നിഹിത പറഞ്ഞിരുന്നത്. ഇനി ചാൾസ് ജിയിൽമോചിതനായി തന്നെയും തേടി വരുമെന്ന പ്രതീക്ഷയിലാണ് നിഹിത.
Comments