ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ വേണ്ട കാലമാണ് മഞ്ഞുകാലം. കാരണം പലവിധത്തിലുള്ള അണുബാധകളാണ് ശീതകാലത്ത് ഭീഷണി മുഴക്കുന്നത്. ജലദോഷം,ചുമ,പനി പോലുള്ള രോഗങ്ങൾ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് മാത്രമല്ല ശൈത്യകാലം ഹൃദ്രോഗികൾക്ക് അപകടകരമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കാരണം ശൈത്യകാലത്ത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു
ശാസ്ത്ര ജേണലായ പ്ലോസ് വൺ നടത്തിയ പഠനത്തിലാണ് പൊതുവേ ചൂടുള്ള മാസത്തേക്കാൾ തണുപ്പുള്ള മാസങ്ങളിൽ ഹൃദയാഘാത സാധ്യത 31 ശതമാനം വർദ്ധിക്കുന്നതായി കണ്ടെത്തിയത്. അതിശൈത്യകാലത്ത്, പ്രത്യേകിച്ച് താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ പക്ഷാഘാതം വരാനുള്ള സാധ്യത 80 ശതമാനം വർദ്ധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
അന്തരീക്ഷത്തിലെ താപനില താഴുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ ശരീരം സ്വയം ചൂടാക്കുന്നു. ഈ പ്രക്രിയ ഹൃദയത്തിന് കൂടുതൽ ജോലിഭാരമുണ്ടാക്കുകയാണ്. ഈ കാലാവസ്ഥ പല തരത്തിൽ ഹൃദയത്തെ ബാധിക്കാം. രക്തക്കുഴലുകൾ ചുരുങ്ങുന്നത് വഴിയോ, പ്ലേറ്റ്‌ലെറ്റ് രക്താണുക്കൾ പരസ്പരം ഒട്ടിച്ചേർന്ന് രക്തം കട്ടയാകുന്നത് വഴിയോ, ഫൈബ്രിനോജൻ അളവ് കൂടുന്നത് വഴിയോ എല്ലാം ഹൃദയാഘാതം സംഭവിക്കാമത്രേ.
തണുത്ത അന്തരീക്ഷത്തിൽ രക്തക്കുഴലുകൾ കൂടുതലായി ചുരുങ്ങുന്നു. ഇത് ബിപി (രക്തസമ്മർദ്ദം) വർദ്ധിപ്പിക്കുന്നു. ഇതോടെയാണ് കാര്യമായും ഹൃദയാഘാത- പക്ഷാഘാത സാധ്യത കൂടുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
ഇത് ഒഴിവാക്കാൻ തണുപ്പുകാലത്ത് ശരീരം വസ്ത്രങ്ങളും കയ്യുറകളും തൊപ്പികളും ധരിച്ച് ചൂടാക്കണം. അമിതമായ പുകവലിയും മദ്യപാനവും ഒഴിവാക്കണം, യോഗയോ ധ്യാനമോ ചെയ്യണം, ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കണം, നല്ലതും പൂർണ്ണവുമായ ഉറക്കം ഹൃദയത്തെ കൂളാക്കും.















