തിരുവനന്തപുരം: ക്രിസ്തുമസിന് കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിൽ 229.80 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയം 215.49 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റുപോയത്. റം ആണ് വിൽപ്പനയിൽ മുന്നിൽ. ക്രിസ്തുമസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യമാണ്.
അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ക്രിസ്തുമസ് ദിനത്തിൽ മദ്യവിൽപ്പനയിൽ നേരിയ കുറവുണ്ട്. കഴിഞ്ഞ വർഷം ക്രിസ്തുമസ് ദിനത്തിൽ 90.03 കോടിയുടെ മദ്യമാണ് വിറ്റത്. കൊല്ലം ആശ്രമത്തെ ബിവറേജ് ഔട്ട്ലറ്റാണ് വിൽപ്പനയിൽ മുന്നിൽ. 68.48 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്.
രണ്ടാം സ്ഥാനം തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റിനാണ്. 65.07 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിൽപ്പന നടത്തിയത്. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്, വിൽപ്പന 61.49 ലക്ഷം. 267 ഔട്ട്ലറ്റുകളാണ് ബിവറേജസ് കോർപറേഷനുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്ലറ്റുകൾ ആരംഭിക്കാനും, വിവിധ കാരണങ്ങളാൽ പൂട്ടിപോയ 68 ഔട്ട്ലറ്റുകളുടെ പ്രവർത്തനം തുടങ്ങാനും ബിവറേജസ് കോർപറേഷൻ തീരുമാനിച്ചിരുന്നു.
Comments