മെൽബൺ: ഓസീസ് ബാറ്റിംഗ് പ്രതിഭ ഡേവിഡ് വാർണറുടെ 100-ാം ടെസ്റ്റിൽ ചരിത്രം കുറിച്ച് റെക്കോഡുകളും. മെൽബൺ ക്രിക്കറ്റ് മൈതാനത്തെ ത്രസിപ്പിച്ച, എല്ലാ വിമർശകർക്കും ബാറ്റ് കൊണ്ട് മറുപടി നൽകിയ ഇന്നിംഗ്‌സിലാണ് പല റെക്കോഡുകൾ വാർണർ തിരുത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് 255 പന്തിൽ വാർണർ 200 റൺസെടുത്ത് നോർച്ചേയുടെ പന്തിൽ പുറത്തായത്. ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 189 റൺസിൽ എല്ലാവരും പുറത്തായ ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 8 വിക്കറ്റിന് 575 എടുത്ത് ഡിക്ലയർ ചെയ്തു. ഓസീസിനായി മുൻ നായകൻ സ്റ്റീവൻ സ്മിത്ത് 85 നേടിയപ്പോൾ അലെക്‌സ് ക്യാരി 111 റൺസ് നേടി ടീമിന് കരുത്തായി. ട്രാവിസ് ഹെഡ് 51 റൺസും നേടി. രണ്ടാമിന്നിംഗ്‌സിൽ മൂന്നാം ദിവസം സന്ദർശകർ 1 വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന നിലയിലാണ്.
ഉശിരൻ ഇരട്ട സെഞ്ച്വറിയുമായി കൂൾ വാർണർ മൈതാനത്ത് പന്തുകളെ ബൗണ്ടറി കടത്തി തീപാറിച്ചു. 100-ാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഓസീസ് താരമെന്ന അപൂർവ നേട്ടമാണ് വാർണർ സ്വന്തമാക്കിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നൂറാം ടെസ്റ്റിൽ സെഞ്ച്വറി എന്ന നേട്ടം കൊയ്യുന്ന 10-ാമത്തെ താരമായും വാർണർ മാറി. ഓപ്പണർ എന്ന നിലയിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരവും വാർണർ തന്നെ.
നൂറാം ടെസ്റ്റിൽ വാർണർ തന്റെ കരിയറിലെ 8000 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ തികച്ചതാണ് സുപ്രധാനമായ ഒരു നാഴികക്കല്ല്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 17,000 റൺസും ഇതേ ടെസ്റ്റിലാണ് തികച്ചത്. നിലവിൽ മൂന്ന് ഫോർമാറ്റുകളിലുമായി 340 അന്താരാഷ്‌ട്ര മത്സരങ്ങളാണ് വാർണർ കളിച്ചത്. 421 ഇന്നിംഗ്‌സുകൾ കളിച്ചു കഴിഞ്ഞ വാർണർ 17,023 റൺസാണ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.
നിലവിൽ 46.41 ശരാശരിയിൽ 8122 റൺസ് ടെസ്റ്റിൽ നേടിക്കഴിഞ്ഞു. ടെസ്റ്റിൽ മാത്രം 25 സെഞ്ച്വറികളും 34 അർദ്ധ സെഞ്ച്വറികളുമാണ് വാർണറുടെ പേരിലുള്ളത്. ഏറ്റവും ഉയർന്ന സ്‌കോർ 335ന് നോട്ടൗട്ട് എന്നതും ഡോൺ ബ്രാഡ്മാന് ശേഷമുള്ള ഓസീസ് ക്രിക്കറ്റിലെ റെക്കോർഡാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി വാർണർ ഇതുവരെ 45 സെഞ്ച്വറികളും 85 അർദ്ധ സെഞ്ച്വറികളും നേടി തന്റെ ലോകോത്തര മികവ് തെളിയിക്കു ന്നതോടൊപ്പം ഓസീസിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററാണെന്ന് തെളിയിക്കുകയാണ്.
Comments