ശ്രീനഗർ: ഇരട്ട ഭീകരാക്രമണങ്ങൾ ഉണ്ടായ രജൗരിയിൽ സന്ദർശനം നടത്താൻ ഒരുങ്ങി എൻഐഎ. ചൊവ്വാഴ്ച എൻഐഎ സംഘം സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തും എന്നാണ് റിപ്പോർട്ട്. ഭീകരതയെ ഇല്ലാതാക്കാൻ നിലവിൽ നിർണായക നീക്കങ്ങൾ നടത്തിവരികയാണ് എൻഐഎ. ഇതിന്റെ ഭാഗമായാണ് രജൗരിയിൽ എത്തുന്നത്.
രജൗരിയിലെ ധാംഗ്രി ഗ്രാമത്തിലാണ് ഭീകരാക്രമണങ്ങൾ ഉണ്ടായത്. ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാവിലെയുമായി നടന്ന ഭീകരാക്രമണങ്ങളിൽ കുട്ടിയുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലേക്ക് ജമ്മുവിൽ നിന്നുള്ള എൻഐഎ സംഘമാണ് പരിശോധനയ്ക്കായി എത്തുന്നത്. ഇവർ എത്തി ഭീകരാക്രമണത്തിന്റെ രീതിയും മറ്റും പരിശോധിക്കുകയും, വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാകും എൻഐഎയുടെ അന്വേഷണം.
ഞായറാഴ്ച വൈകീട്ട് ഉണ്ടായ ആക്രമണത്തിൽ നാല് പേരും, തിങ്കളാഴ്ച ഉണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളിലായി 10 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രജൗരിയിൽ അതീവ ജാഗ്രത തുടരുകയാണ്.
Comments