കോട്ടയം : ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ്, കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ശാരീരികമായി തളർന്നതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യ വിഷബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പ് ഭക്ഷ്യ സുരക്ഷാ വിഭാഗം സംക്രാന്തിയിലെ ഹോട്ടൽ പാർക്ക് അടച്ചുപൂട്ടിയിരുന്നു. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേർക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതിൽ 14 വയസ്സുകാരനായ സംക്രാന്തി സ്വദേശി മെഡിക്കൽ കോളജിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ഇവിടെ നിന്ന് രശ്മി ഭക്ഷണം കഴിച്ചിരുന്നെന്നാണ് സംശയം.
പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മാത്രമേ മരണകാരണം പുറത്തുവരൂ എന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. രശ്മിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Comments