ബെംഗളൂരു: നിസ്വാർത്ഥ സേവനങ്ങൾ അങ്ങനെയാണ്. ചെയ്തിട്ട് എന്തെങ്കിലും ഗുണം ലഭിക്കുമോയെന്ന് ചോദിച്ചാൽ മനസിന് കിട്ടുന്ന സംതൃപ്തിയെന്നായിരിക്കും ഉത്തരം. ഇത്തരത്തിൽ ഒരു ട്രാഫിക് പോലീസുകാരൻ ചെയ്ത നിസ്വാർത്ഥ സേവനത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബെംഗളൂരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് ജനഹൃദയങ്ങൾ കീഴടക്കുന്ന വൈറൽ താരം. രാജാജിനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സുരേഷാണ് കക്ഷി. അദ്ദേഹം അൽപം പാടുപെട്ട് കുരുങ്ങി കിടക്കുന്ന പ്രാവിനെ രക്ഷപ്പെടുത്തുന്നതാണ് വൈറലായ ദൃശ്യങ്ങളിലുള്ളത്. ബിൽബോർഡ് ഹോർഡിങ്ങിലെ നൂലിലാണ് പ്രാവ് കുരുങ്ങിപ്പോയത്. സുരേഷ് ഹോർഡിങ്ങിലേക്ക് ഏന്തിവലിച്ച് കയറി പ്രാവിനെ കൈകളിലെടുത്ത് അതിനെ ചുറ്റിവരിഞ്ഞിരിക്കുന്ന നൂൽ വേർപ്പെടുത്തി.
The hidden and unexplored side of a policemen. Well done Mr Suresh from @rajajinagartrps pic.twitter.com/D9XwJ60Npz
— Kuldeep Kumar R. Jain, IPS (@DCPTrWestBCP) December 30, 2022
ഏതാനും മിനിറ്റുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രാവിന് മോചനം. കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയ പ്രാവിനെ സുരേഷ് ആകാശത്തേക്ക് പറത്തിവിടുകയും ചെയ്തു. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയായിരുന്നു സുരേഷ് ഹോർഡിങ്ങിന് മുകളിലേക്ക് കയറിയതെന്നതും ശ്രദ്ധേയമാണ്. ബെംഗളൂരുവിലെ ട്രാഫിക് പോലീസിന്റെ ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് കുമാർ ആർ ജെയിനും വൈറലായ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.
അധികം പേരും തിരിച്ചറിയാതെ പോകുന്ന പോലീസുകാരുടെ ചില ഒളിഞ്ഞിരിക്കുന്ന പ്രത്യേകത എന്നായിരുന്നു അദ്ദേഹം വീഡിയോക്ക് അടിക്കുറിപ്പ് നൽകിയത്. നിരവധി പേർ വീഡിയോക്ക് താഴെ പ്രതികരണവുമായെത്തി. സുരേഷിന്റെ നിസ്വാർത്ഥ സേവനത്തിന് നൂറുകണക്കിന് പേർ പ്രശംസിക്കുകയും ചെയ്തു.
Comments