വാഷിംഗ്ടൺ: 78-കാരനെ കടിച്ച് പരിക്കേൽപ്പിച്ച് 25-കാരൻ. യുഎസിലെ ഒറിഗോണിൽ ട്രെയിൻ പ്ലാറ്റ്ഫോമിലാണ് ഞെട്ടിക്കുന്ന അക്രമം നടന്നത്. അക്രമത്തിൽ വൃദ്ധന്റെ ചെവിയുടെ ഭാഗങ്ങളും മുഖത്തിന്റെ ഭാഗങ്ങളും കടിച്ചെടുത്തിട്ടുണ്ട്. 25-കാരനായ കോറിൻ ക്രേമർ ആണ് അതിക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ സംഭവ സ്ഥലത്ത് രക്തം ഒഴുകുന്നത് കണ്ട് ഭയന്ന ദൃക്സാക്ഷികളാണ് പോലീസിനെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴും യുവാവ് അക്രമം തുടരുകയായിരുന്നു. തുടർന്ന് 25-കാരനെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വൃദ്ധനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കത്തിയുടെ അഭാവത്തിലാണ് യുവാവ് വൃദ്ധനെ കടിച്ച് പരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഗുരുതര പരിക്കാണ് സംഭവിച്ചതെന്നും 78-കാരന്റെ തലയോട്ടി പോലും കാണാൻ കഴിയുന്ന അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.
പ്രതിയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണ സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് മുൻപ് ക്രേമർ മദ്യവും കഞ്ചാവും ഉപയോഗിച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. ഇയാളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Comments