പ്രകൃതിയിലെ അത്ഭുതങ്ങൾ നമ്മെ വിസ്മയിപ്പിക്കുമ്പോഴും, മറുവശം നമ്മെ ഭയപ്പെടുത്താറുണ്ട്. പ്രകൃതിയുടെ ചില സൃഷ്ടികൾ ചിലരെ ജീവിതം മുഴുവൻ ഭയപ്പെടുത്തും. അത്തരത്തിൽ പലരുടെയും ഭയമാണ് പാമ്പ്. എന്നിരുന്നാലും, പാമ്പുകളുടെ അതിശയകരമായ കഴിവുകൾ പലപ്പോഴും അവയെ ആകർഷകമായ ജീവികളാക്കുന്നു. ആൾമാറാട്ടത്തിൽ വിരുതന്മാരാണ് ചില പാമ്പുകൾ. ഇര പിടിക്കാനും വേട്ടക്കാരെ ആശയക്കുഴപ്പത്തിലാക്കാനും ചില പാമ്പുകൾക്ക് പ്രത്യേക കഴിവുണ്ട്. അത്തരത്തിൽ പഴത്തോട് സാമ്യം തോന്നുന്ന മഞ്ഞ നിറമുള്ള പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ബനാന ബോൾ പെരുമ്പാമ്പിന്റെ വീഡിയോയാണ് ട്വിറ്ററിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു വാഴപ്പഴം പോലെയാണ് ഇവയെ കണ്ടാൽ. വീഡിയോയിൽ, ഒരു വാഴപ്പഴത്തിനൊപ്പം ഒരു ബോൾ പെരുമ്പാമ്പിനെ ഇട്ടിരിക്കുന്നത് കാണാം. ഒന്ന് ശ്രദ്ധിച്ചാൽ പാമ്പാണെന്ന് ആർക്കും പിടികിട്ടും. എന്നാൽ പെട്ടന്ന് പലർക്കും മാറി പോയേക്കാം. വാഴപ്പഴമാണെന്ന് വിചാരിച്ച് പാമ്പിനെ എടുത്തു പോയാൽ അത്ഭുതപ്പെടേണ്ട. അത്രയും സാദൃശ്യമുണ്ട് ബനാന ബോൾ പെരുമ്പാമ്പിന് വാഴപ്പഴവുമായി.
The way this ball python looks like a banana 🍌
pic.twitter.com/xdUt6K2a2R— Science girl (@gunsnrosesgirl3) January 8, 2023
ബനാന ബോൾ പെരുമ്പാമ്പ് വളരെ ശാന്ത സ്വഭാവമുള്ള ഒരു പാമ്പാണ്. പലരും ഇതിനെ വീട്ടിനുള്ളിൽ വളർത്തുന്നു. ഏകദേശം 20-30 വർഷം ഇവയ്ക്ക് ആയുസ്സ് ഉണ്ട്. എലികളാണ് ഇവയുടെ ഭക്ഷണം. 2 മുതൽ 5 അടി വരെ ഇതിന് നീളം വയ്ക്കും. കൂടാതെ 1,000 മുതൽ 1,750 ഗ്രാം വരെ തൂക്കവും വയ്ക്കുന്നവയാണ് ബനാന ബോൾ പെരുമ്പാമ്പ്.
Comments