കാനഡയിൽ ഇപ്പോൾ മഞ്ഞു പെയ്യുകയാണ്. തന്റെ ക്യാമറയും തൂക്കി ശൈത്യകാലത്തിന്റെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ ഇറങ്ങിയ ടെയ്ലർ ബോർത്ത് എന്ന യുവതിയുടെ ക്യാമറ കണ്ണുകളിൽ പതിഞ്ഞ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കാനഡയിലെ ഒരു പാർക്കിൽ വച്ച് എടുത്ത ചിത്രമാണ് ടെയ്ലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
ശരീരം മുഴുവൻ രോമം നിറഞ്ഞ ബോൾ ആകൃതിയിലുള്ള ഒരു രൂപം. തലയും കാണാനില്ല, വാലും കാണാനില്ല. മഞ്ഞിൽ അനങ്ങാതെ ഇരിക്കുന്ന എന്തോ ഒന്ന്! ടെയ്ലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം എന്താണെന്നറിയാൻ പലരും തിരക്കു കൂട്ടി. അവസാനം ടെയ്ലർ അത് വെളിപ്പെടുത്തി. അത് മറ്റൊന്നുമല്ല, കാനഡയുടെ ദേശീയ മൃഗം തന്നെ. ബീവർ!
മഞ്ഞിൽ കളിക്കുന്ന ബീവറുകളുടെ ചിത്രങ്ങൾ പകർത്തുമ്പോഴായിരുന്നു വ്യത്യസ്തമാർന്ന കോണിൽ നിന്നും ചിത്രം എടുക്കാൻ സാധിച്ചത്. കാണുന്നവർക്ക് അത് എന്ത് മൃഗമാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഒരു ചിത്രം എടുത്തു. ‘എന്റെ ക്യാമറ കണ്ണുകളിൽ നിന്നും ഒളിക്കാൻ ശ്രമിക്കുകയായിരുന്നു ആ ബീവർ. ആ സമയത്ത് എടുത്ത ചിത്രം. ഈ ഫോട്ടോ ആളുകളെ വളരെയധികം ആകർഷിക്കുമെന്നും അവരിൽ അതിശയം സൃഷ്ടിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു’ എന്ന് ടെയ്ലർ ബോർത്ത് പറഞ്ഞു. ബീവറുകളുടെ വ്യത്യസ്തമാർന്ന ചിത്രങ്ങൾ ടെയ്ലർ ബോർത്ത് പകർത്തിയിട്ടുണ്ട്. ചെറിയ ചിരി സമ്മാനിക്കുന്നതും, മരകഷ്ണം കടിച്ചു മുറിക്കുന്നതുമായ ബീവറുകളുടെ ചിത്രവും ടെയ്ലർ പങ്കുവെച്ചിട്ടുണ്ട്.
കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവിയാണ് ബീവർ. അണക്കെട്ടു നിർമ്മാണത്തിൽ അതിവിദഗ്ദരാണ് ബീവറുകൾ. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളും ഉപയോഗിച്ച് മരങ്ങൾ മുറിച്ച് കാട്ടിൽ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിർത്തി അതിനു നടുവിൽ തന്നെ ബീവറുകൾ വീടും ഒരുക്കും. മരച്ചില്ലകളും ചളിയും ഉപയോഗിച്ചാണ് വീടുനിർമ്മാണം.ജലത്തിനടിയിലാണ് വീടിന്റെ വാതിൽ. മഞ്ഞുകാലത്ത് ജലം ഉറഞ്ഞ് ഐസാകുമ്പോൾ പോലും ജലാശയത്തിനടിയിലേക്കും ഭക്ഷണക്കലവറയിലേക്കും പോവാനുള്ള മാർഗ്ഗങ്ങളും ബീവർ വീടുനിർമ്മിക്കുമ്പോഴേ ഉണ്ടാക്കും. മഞ്ഞുകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ രക്ഷിക്കാൻ മാർഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയും. കാട്ടിലെ എഞ്ചിനീയർ എന്ന വിശേഷണത്തിന് ബീവർ തികച്ചും യോഗ്യനാണ്.
Comments