ലക്നൗ: അയോദ്ധ്യ, വിന്ധ്യാചൽ, കാൺപൂർ ഡിവിഷനുകളിലെ വികസന പദ്ധതികളുടെ പുരോഗതി പ്രദേശങ്ങളിലെ എംപിമാരുമായും എംഎൽഎമാരുമായും അവലോകനം ചെയ്യുകയും നിക്ഷേപം ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫെബ്രുവരി 10 മുതൽ 12 വരെ ലക്നൗവിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023-ന് (ജിഐഎസ്-2023) മുന്നോടിയായി ജില്ലാതല നിക്ഷേപക സമ്മേളനങ്ങൾക്ക് ഗണ്യമായ നിക്ഷേപ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ആഗോളതലത്തിലും ദേശീയതലത്തിലും പ്രശസ്തരായ നിരവധി സ്വകാര്യ കമ്പനികളും മതസംഘടനകളും അയോദ്ധ്യയിൽ നിക്ഷേപം നടത്താൻ ഉത്സുകരാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശപ്രകാരം സാംസ്കാരികവും ആത്മീയവുമായ നവോത്ഥാനത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും ലോകമെമ്പാടുമുള്ള ആളുകൾ ‘ദിവ്യ ഭവ്യ, നവ്യ(ദിവ്യ, മഹത്തായ, പുതിയ) അയോദ്ധ്യ’ കാണാൻ ആകാംക്ഷയുള്ളവരാണെന്നും യോഗി പറഞ്ഞു. ബാരാബങ്കിക്ക് 800 കോടി രൂപയിലധികം നിക്ഷേപ നിർദ്ദേശങ്ങൾ ലഭിച്ചു. മറ്റ് ജില്ലകളും സമാനമായ ശ്രമങ്ങൾ നടത്തണം. ജിഐഎസ്-2023 ന്റെ പ്രധാന പരിപാടിയുമായി ജില്ലകളെ ബന്ധിപ്പിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദ്ദേശം എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക നിക്ഷേപകരെയും സംരംഭകരെയും പരിപാടിയിലേക്ക് ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കുകയാണ് ലക്ഷ്യം. ജില്ലാ നിക്ഷേപക സമ്മേളനം സംഘടിപ്പിക്കുന്നതിന് അതത് പാർലമെന്റ് അംഗത്തിന്റെ കീഴിലുള്ള എല്ലാ എംഎൽഎമാരും മേഖല തിരിച്ചുള്ള കർമപദ്ധതി തയ്യാറാക്കണം. ജനപ്രതിനിധികൾ തങ്ങളുടെ പ്രദേശത്തിന്റെ സാധ്യതകൾ നിക്ഷേപകർക്ക് പരിചയപ്പെടുത്തി നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും പുതിയ വ്യവസായ നയങ്ങൾക്ക് വ്യാപകമായ പ്രചാരണം നൽകണമെന്നും സർവകലാശാലകൾ, കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ എന്നിവിടങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കണമെന്നും യോഗി ആദ്യത്യനാഥ് പറഞ്ഞു.
Comments