ചണ്ഡീഗഢ്: ഹോണടിക്കാതെ പോകണം യുവതിയോട് യുവാവിൻെ നിർദ്ദേശം, ഹോൺമുഴക്കിയെന്ന് ആരോപിച്ച് യുവതിക്ക് നേരെ അതിക്രമം. ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസം പട്ടാപകലാണ് പെൺകുട്ടിക്ക് നേരെ യുവാവിന്റെ കയ്യാങ്കളി ഉണ്ടായത്. ഗതാഗതക്കുരുക്കിൽ തുടരെ ഹോൺ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു യുവതിക്ക് നേരേ അതിക്രമം ഉണ്ടായത്. പ്രതി യുവതിയെ കാറിൽ നിന്ന് വലിച്ചിറക്കിയ ശേഷം തല്ലുകയായിരുന്നു.
ഗുരുഗ്രാമിലെ എംഡിഐ ചൗക്കിൽ ഗതാഗത കുരുക്ക് ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. യുവതിയുടെ കാറിനെ ഓവർടേക്ക് ചെയ്തശേഷം വാഹനത്തിന് മുന്നിൽ യുവാവിന്റെ കാർ നിർത്തി ബലമായി പിടിച്ചിറക്കുകയായിരുന്നു. തുടർന്ന് നിരവധി തവണ തല്ലിയെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്നെ കൊല്ലുമെന്നും വീട്ടുകാരെ മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. കാറിനകത്ത് നിന്ന് യുവതിയെ വലിച്ചിറക്കുകയും അസഭ്യം പറയുകയും തുടരെ തല്ലുകയും ചെയ്തു എന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. അക്രമത്തിൽ യുവതിയുടെ ഇടത് കണ്ണിനും മൂക്കിനും ഗുരുതര പരിക്കുണ്ട്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ യുവാവ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ .323,506,509 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പ്രദേശത്തെ സിസിടിവി ഉൾപ്പെടയുള്ളവ പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
Comments