കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാർട്ടൂൺ പങ്കുവച്ചതിന് ക്രിമിനൽ കേസ് ചുമത്തപ്പെട്ട സർവകലാശാല അദ്ധ്യാപകന് ഒടുവിൽ മോചനം. 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസർ അംബികേഷ് മഹാപത്രയ്‌ക്കെതിരായ കേസ് റദ്ദാക്കപ്പെടുന്നത്.
2012 ഏപ്രിൽ 12നായിരുന്നു കേസിനാസ്പദമായ സംഭവത്തിന് മഹാപത്രയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഈസ്റ്റ് ജാദവ്പൂർ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ മഹാപത്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിനൊപ്പം കാർട്ടൂൺ പങ്കുവച്ച മറ്റൊരാളും കേസിൽ അറസ്റ്റിലായി. എന്നാൽ വിചാരണ അവസാനിക്കുന്നതിന് മുമ്പ് 2019ൽ 80-ാം വയസിൽ ഇയാൾ മരണത്തിന് കീഴടങ്ങി. ഇതിനിടെ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഒടുവിൽ കേസ് രജിസ്റ്റർ ചെയ്ത് 11 വർഷത്തിന് ശേഷം കേസ് വീണ്ടും പരിഗണിച്ച ആലിപൂർ ജില്ലാ കോടതി കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. മഹാപത്രയ്‌ക്കെതിരായ ക്രിമിനൽ കേസ് പിൻവലിക്കണമെന്ന് ജില്ലാ കോടതി ആവശ്യപ്പെട്ടു. എല്ലാതരം പീഡനങ്ങൾക്കുമെതിരായ പോരാട്ടമായിരുന്നു താൻ നടത്തിയതെന്നായിരുന്നു കോടതി വിധി വന്നതിന് ശേഷമുള്ള മഹാപത്രയുടെ പ്രതികരണം. സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളെ നിശബ്ദമാക്കാൻ പാർട്ടി ഗുണ്ടകളും പോലീസും ബംഗാൾ സർക്കാരും ചേർന്ന് ഗൂഢാലോചന നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും മുകുൾ റോയും ഉൾപ്പെടുന്ന ഒരു കാർട്ടൂൺ ചിത്രം ഇ-മെയിൽ മുഖേന പങ്കുവച്ചുവെന്നാരോപിച്ച് ഐടി ആക്ട് ചുമത്തിയായിരുന്നു മഹാപത്രയ്‌ക്കെതിരെ 2012ൽ കേസെടുത്തത്.
Comments