പത്തനംതിട്ട : ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്ക് നൽകുന്ന എക്സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്കാരം പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ദിവ്യ എസ് അയ്യർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഇന്ത്യൻ എക്സ്പ്രസ്സ് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്കാരം കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആണ് വിതരണം ചെയ്തത്. ‘ ഭാരതത്തിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കലക്ടർമാരുടെ വ്യത്യസ്ത മേഖലകളിലെ സംഭാവനകളെയാണ് അവാർഡിനായി പരിഗണിച്ചത്. സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്.ആർ.എം.ലോധയുടെ അധ്യക്ഷയിലെ വിദഗ്ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കലക്ടർമാരെ പുരസ്കാരത്തിന് അർഹരായി തിരഞ്ഞെടുത്തത്.
ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്പെഷ്യൽ ജൂറി പുരസ്കാരത്തിൽ പരാമർശിച്ചിരുന്നത് . തീർത്ഥാടനം സുഗമം ആക്കാൻ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും, ശബരിമലയിലേക്ക് എത്തി ചേർന്ന ഓരോ സ്വാമിക്കും സവിനയം സഹർഷം ഈ പുരസ്കാരം സമർപ്പിക്കുന്നു.- ദിവ്യ എസ് അയ്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Comments