ചെന്നൈ : ആറ് വയസ്സുകാരന്റെ മൃതദേഹം പഞ്ചായത്ത് ഓഫീസിലെ സെപ്റ്റി ടാങ്കിൽ നിന്നും കണ്ടെത്തി. തമിഴ്നാട് ചെങ്കൽപട്ടിലാണ് സംഭവം.ചെങ്കൽപട്ടിലെ ശാസ്ത്രീയാമ്പക്കം സ്വദേശി മണികണ്ഠന്റെ മകൻ പ്രതീപിന്റെ മൃതദേഹമാണ് പഞ്ചായത്ത് ഓഫീസിൽ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പിതാവിനൊപ്പം ആർഒ പ്ലാന്റിൽ നിന്ന് വെള്ളമെടുക്കാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വെള്ളമെടുക്കുന്ന സ്ഥലത്ത് തിരക്കായതിനാൽ കുട്ടി കൂടെയുണ്ടെന്നാണ് പിതാവ് കരുതിയത്. എന്നാൽ പിന്നീട് കുട്ടി കൂടെയില്ലന്ന് തിരിച്ചറിഞ്ഞ മണികണ്ഠനും പ്രദേശവാസികളും തിരച്ചിൽ നടത്തി. തുടർന്ന് കുട്ടിയുടെ മൃതദേഹം പഞ്ചായത്ത് ഓഫീസിലെ തുറന്ന സെപ്റ്റി ടാങ്കിൽ നിന്നും കണ്ടെത്തുകയായിരുന്നു.
പാലൂർ പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് നൽകി. സംഭവത്തിന് പിന്നാലെ ജില്ലാ അധികൃതർ പഞ്ചായത്ത് സെക്രട്ടറിയെയും ടാങ്ക് ഓപ്പറേറ്ററെയും സസ്പെൻഡ് ചെയ്തു.
Comments