പൂനെ: ബിബിസിയുടെ രാഷ്ട്രവിരുദ്ധ ഡോക്യുമെന്ററി പുറത്തിറങ്ങിയത് മുതൽ വിദേശ മാദ്ധ്യമങ്ങളുടെ പക്ഷപാതപരമായ എഴുത്തുകളും പ്രസിദ്ധീകരണങ്ങളും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചില വിദേശ മാദ്ധ്യമങ്ങളുടെ പ്രത്യേക പ്രയോഗങ്ങളെക്കുറിച്ച് വിലയിരുത്തുകയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
ഇന്ത്യൻ സർക്കാരിനെ സൂചിപ്പിക്കാൻ പ്രത്യേക വിശേഷങ്ങളാണ് പല വിദേശ മാദ്ധ്യമങ്ങളും പ്രയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു നാഷണലിസ്റ്റ് എന്നും സമാനമായ മറ്റ് പല വാക്കുകളുമാണ് ഭാരത സർക്കാരിനെ സൂചിപ്പിക്കാൻ വിദേശ മാദ്ധ്യമങ്ങളും ഉപയോഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നിങ്ങൾ വിദേശ പത്രങ്ങൾ വായിക്കുകയാണെങ്കിൽ ചില പ്രത്യേക വാക്കുകൾ കാണാൻ സാധിക്കും. ‘ഹിന്ദു നാഷണലിസ്റ്റ് സർക്കാർ’ എന്നത് അതിൽ ഒന്ന് മാത്രമാണ്. അമേരിക്കയെയും യൂറോപ്പിനെയും ക്രിസ്റ്റ്യൻ നാഷണലിസ്റ്റ് എന്ന് അവർ വിശേഷിപ്പിക്കാറില്ല. ഇത്തരം പ്രയോഗങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി മാത്രം നീക്കിവച്ചിരിക്കുന്നതാണ്. ഈ രാജ്യം ലോകത്തോടൊപ്പം പ്രവർത്തിക്കാൻ പൂർണമായും സജ്ജമാണെന്ന് അവർ തിരിച്ചറിയുന്നില്ലെന്നും ജയശങ്കർ കുറ്റപ്പെടുത്തി.
പൂനെയിൽ സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി. ജയശങ്കർ എഴുതിയ ‘ദ ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ പുസ്തകത്തിന്റെ മറാത്തി പരിഭാഷയും ഒപ്പം പ്രകാശനം ചെയ്തിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് മറാത്തി പുസ്തകം പ്രകാശനം ചെയ്തത്.
Comments