ഇസ്ലാമാബാദ് : ദാരിദ്ര്യവും ദുരിതവും കൊണ്ട് പൊറുതിമുട്ടിയ പാകിസ്താനിൽ കോഴികളെ പോലും മോഷ്ടിക്കുന്നു . പാക് സൈനിക ആസ്ഥാനത്തിനു സമീപത്തെ റാവൽപിണ്ടിയിലെ ഒരു കോഴി ഫാമിൽ നിന്നാണ് 30 ലക്ഷം രൂപ വിലമതിക്കുന്ന കോഴികളെ കവർച്ചക്കാർ മോഷ്ടിച്ചത് . ആയുധങ്ങളുമായാണ് 12 അംഗ സംഘം കോഴിഫാമിലെത്തിയത് . ഉടമ വഖാസ് അഹമ്മദിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രിയാണ് പന്ത്രണ്ടോളം കവർച്ചക്കാർ തന്റെ കോഴിഫാമിൽ എത്തിയതെന്ന് വഖാസ് പരാതിയിൽ പറയുന്നു. മോഷ്ടാക്കളുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. കോഴിഫാമിൽ ജോലി ചെയ്യുന്ന 3 ജീവനക്കാരെ ബന്ദികളാക്കി ബാത്ത്റൂമിൽ കൊണ്ടുപോയി പുറത്തുനിന്ന് പൂട്ടിയിട്ടു. 2 ബൈക്കുകളിലും 3 മിനി ട്രക്കുകളിലുമായാണ് കവർച്ചക്കാർ എത്തിയതെന്നും പരാതിയിൽ പറയുന്നു . മിനി ട്രക്കിലാണ് അയ്യായിരത്തോളം കോഴികളെ കൊണ്ടുപോയത് .കേസിലെ പ്രതികളെ ആരെയും പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ പാകിസ്താൻ മോശം സാമ്പത്തിക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് . പാക് സുരക്ഷാ സേന എകെ 47 വച്ച് കാവൽ നിന്നാണ് മാവ് വിതരണം ചെയ്യുന്നത് പോലും. അത്തരത്തിലുള്ള നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചില വീഡിയോകളിൽ മാവിന് വേണ്ടി ആളുകൾ പരസ്പരം പോരടിക്കുന്നതും കാണാം
Comments