ഒരു മാസം പിന്നിടുമ്പോഴും ഗംഭീര അഭിപ്രായങ്ങളുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. കേരളത്തിന് പുറത്തും ഹൗസ് ഫുൾ ഷോകളുമായാണ് ചിത്രം കയ്യടി നേടുന്നത്. നൂറു കോടി ക്ലബിലേയ്ക്ക് പടി കയറുന്ന ചിത്രം കേരളത്തിൽ നിന്ന് മാത്രം സ്വന്തമാക്കിയത് 40 കോടിയിലധികം രൂപയാണ്. ഇപ്പോഴിതാ, ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 34-ാം ദിവസം പിന്നിടുമ്പോൾ കേരളത്തിൽ മാത്രം 300-ലധികം ഷോകളാണ് കളിക്കുന്നത്.
വിജയുടെ ‘വാരിസ്’, അജിത്തിന്റെ ‘തുനിവ്’, മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’, മോഹൻലാലിന്റെ ‘എലോൺ’, ഷാരുഖ് ഖാന്റെ ‘പത്താൻ’ എന്നീ ചിത്രങ്ങൾ തിയറ്ററുകളിൽ എത്തിയിട്ടും നിറഞ്ഞ സദസ്സിൽ മാളികപ്പുറം മുന്നേറുകയാണ്. കൊച്ചി സിറ്റിൽ 56 ഷോസും തിരുവനന്തപുരം സിറ്റിയിൽ 68 ഷോസുമാണ് 34-ാം ദിവസവും മാളികപ്പുറത്തിന് ലഭിക്കുന്നത്. തൃശൂർ സിറ്റിൽ ചിത്രത്തിന് 42 ഷോസുണ്ട്. തിയറ്ററിൽ ഇറങ്ങി 34-ാം ദിവസവും ഒരു ചിത്രത്തിന് 300-ലധികം ഷോകൾ കളിക്കുന്നതും അവധി ദിവസങ്ങളിൽ മികച്ച കളക്ഷൻ ലഭിക്കുന്നതും മലയാള സിനിമാ മേഖലയിൽ അപൂർവ്വമാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും താരത്തിന്റെ ആദ്യ നൂറ് കോടി ചിത്രവുമായിരിക്കും മാളികപ്പുറം.
കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും മാളികപ്പുറത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പ് കാണാൻ തിയറ്ററിലേയ്ക്ക് അയ്യപ്പ വിശ്വാസികളുടെയും സിനിമാ പ്രേമികളുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നടൻ അല്ലു അർജ്ജുന്റെ നിർമ്മാണ കമ്പനിയായ ഗീതാ ആർട്സ് ആണ് മാളികപ്പുറത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് തിയറ്റുകളിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. രാക്ഷസൻ, വിക്രംവേദ തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകൾ ജനങ്ങളിലേയ്ക്ക് എത്തിച്ച ട്രൈഡന്റ് ആർട്ട്സ് ആണ് ചിത്രം തമിഴ് നാട്ടിൽ പ്രദർശിപ്പിക്കുന്നത്.
Comments