സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് മാളികപ്പുറം. 2022-ലെ അവസാന റിലീസുകളിൽ ഒന്നായി ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 40 ദിവസം പിന്നിടുമ്പോഴേയ്ക്കും 100 കോടി ക്ലബിൽ ഇടം പിടിച്ചു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രവും താരത്തിന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവുമാണ് മാളികപ്പുറം. സിനിമയുടെ നേട്ടത്തിന് പിന്നാലെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തു വരികയാണ്. ഉണ്ണിയുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് മാളികപ്പുറത്തിന്റെ വിജയമെന്നാണ് നടി ശ്വേത മേനോൻ പ്രശംസിച്ചിരിക്കുന്നത്.
‘100 കോടി കടന്ന മാളികപ്പുറത്തിന്റെ അഭൂതപൂർവമായ വിജയത്തിന് എന്റെ പ്രിയപ്പെട്ട ഉണ്ണിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിന്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടായി. ഈ വിജയം നിന്റെ ബിഗ് സ്ക്രീൻ യാത്രയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. നിന്റെ ഭാവി ഉദ്യമങ്ങളിൽ എല്ലാവിധ ആശംസകളും നേരുന്നു. നീ തിളങ്ങിക്കൊണ്ടിരിക്കട്ടെ. ഒരു നക്ഷത്രം പോലെ തിളങ്ങുക, ഉണ്ണി!’ എന്നാണ് ശ്വേത മോനോൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
സിനിമയുടെ വിജയത്തിൽ അഭിമാനം തോന്നുന്നുവെന്ന് ഗായകൻ അനൂപ് ശങ്കറും പ്രതികരിച്ചു. ‘മാളികപ്പുറം ഇപ്പോൾ 100 കോടി ബിസിനസ് നേടിയിരിക്കുകയാണ്. നീ നിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടി നിലകൊണ്ടു, വഞ്ചകന്മാരെ തകർത്തെറിഞ്ഞു. മലയാളത്തിലെ ഏറ്റവും കൂടുതൽ ലാഭം നേടുന്ന സിനിമകളിലൊന്നായി മാറാനുള്ള യാത്രയിലാണ് ചിത്രം. ഉണ്ണിയെ നേരിട്ട് അറിയുകയും നിങ്ങളുടെ ആദ്യ സിനിമയിൽ നിങ്ങൾക്ക് വേണ്ടി പാടാൻ കഴിയുകയും ചെയ്തതിൽ അഭിമാനിക്കുന്നു. മാളികപ്പുറത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ’ എന്നാണ് അനൂപ് പ്രശംസിച്ചത്.
Comments