ന്യൂഡൽഹി: ശ്രീലങ്കയുടെ ഇത്തവണത്തെ സ്വാതന്ത്രദിന ആഘോഷ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പങ്കെടുക്കും. ഫെബ്രുവരി നാലിന് ഗല്ലേഫേസ് ഗ്രീനിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുക.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള മറ്റു രാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. പാകിസ്താനിൽ നിന്ന് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാർ, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമൻ, മാലീദ്വീപിൽ നിന്ന് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ്, നേപ്പാളിൽ നിന്ന് വിദേശകാര്യമന്ത്രി ബിമാലറായ് പദ്യാൽ എന്നിവരും ഭൂട്ടാനിൽ നിന്ന് വിദ്യഭ്യാസമന്ത്രിയായ ജയ് ബിർ റായും ചടങ്ങിന്റെ ഭാഗമാകും. ജപ്പാൻ വിദേശകാര്യമന്ത്രിയും ചടങ്ങിൽ പങ്കാളിയാകും. കോമൺവെൽത്ത് ജനറൽ സെക്രട്ടറി പട്രീഷ സ്കോട്ട്ലാന്റും ചടങ്ങിൽ പങ്കുചേരും.
ആഘോഷങ്ങളുടെ ഭാഗമായി ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള നിരവധി പ്രമുഖനേതാക്കളുടെ സ്റ്റാമ്പുകൾ പ്രകാശനം ചെയ്യും. അതോടൊപ്പം 1000രൂപയുടെ പ്രത്യേക നാണയവും ശ്രീലങ്കൻ ഗവൺമെന്റ് പരിപാടിയിൽ പുറത്തിറക്കും. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം.
Comments