ഡെറാഡൂൺ: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാല് ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ‘ചാർ ധാം യാത്ര’ ഏപ്രിലിൽ ആരംഭിക്കും. ഈ വർഷത്തെ ‘ചാർ ധാം യാത്ര സുഗമമാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ പുതിയ ക്രമീകരണങ്ങൾ സജ്ജമാക്കും. കഴിഞ്ഞ വർഷത്തെ ചാർ ധാം യാത്രയിലെ തീർത്ഥാടകരുടെ എണ്ണത്തിൽ ഉണ്ടായ റെക്കോർഡ് തിരക്ക് കണക്കിലെടുത്താണ് ഇത്തവണ ഭക്തർക്ക് യാത്ര സുഗമമാക്കാൻ വേണ്ടിയാണ് സർക്കാർ പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നത്.തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു.
ഈ വർഷം ചാർ ധാം യാത്രയിലെ തീർത്ഥാടകരുടെ എണ്ണം റെക്കോർഡ് സംഖ്യയിൽ എത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. 2022ലെ ചാർ ധാം യാത്രയിൽ നിരവധി തീർത്ഥാടകർ പങ്കെടുത്തതായും ഈ വർഷം തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ചാർ ധാം യാത്രയ്‌ക്കായി എത്തുന്ന തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി വരികയാണെന്നും ഭക്തർക്ക് ദർശനം നടത്താൻ ഒരു പുതിയ സൗകര്യമൊരുക്കാൻ പുതിയ സംവിധാനം നടപ്പിലാക്കുമെന്നും സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി സച്ചിൻ കുർവെ പറഞ്ഞു.
ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട തീർത്ഥാടനയാത്രയാണ് ചാർ ധാം യാത്ര. നീണ്ട കാലത്തെ വ്രതം അനുഷ്ഠിച്ചാണ് ആളുകൾ ചാർ ധാം യാത്രയ്‌ക്കായി പുറപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ നാലു ഹൈന്ദവ തീർഥാടനകേന്ദ്രങ്ങളിലൂടെയാണ് ചാർ ധാം യാത്ര നടക്കുന്നത്. കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ സ്ഥലങ്ങളിലേക്കാണ് തീർത്ഥാടനം നടക്കുക. ഓരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇവിടെയെത്തുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് സ്ഥിതി ചെയ്യുന്നത്. കേദാർനാഥ് സ്ഥിതി ചെയ്യുന്നത് രുദ്രപ്രയാഗ് ജില്ലയിലാണ്. ഗംഗാനദിയുടെ ഉത്ഭവ സ്ഥാനമായ ഗൗമുഖിന് സമീപമാണ് ഗംഗോത്രി സ്ഥിതി ചെയ്യുന്നത്. ചാർ ധാം തീർത്ഥയാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനം മിക്കപ്പോഴും യമുനോത്രി ആയിരിക്കും. തീർത്ഥാടനത്തിനായി ഈ വർഷം ഗംഗോത്രിയും യമുനോത്രിയും ഏപ്രിൽ 22 നും തുറക്കും. കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 26 നും, ബദരീനാഥ് ക്ഷേത്രം ഏപ്രിൽ 27 നും തുറക്കും
Comments