വാഷിംഗ്ടൺ: ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളെ ചൈനീസ് ചാരബലൂണുകൾ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. വിയറ്റ്നാം, തായ്വാൻ, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോർത്താനും ചൈന ബലൂണുകൾ പറത്തിയിരുന്നു. ചൈനയുടെ തെക്കൻ തീരത്തുള്ള ഹൈനാൻ പ്രവിശ്യയിൽ നിന്നാണ് പ്രതിരോധ വിവരങ്ങൾ ശേഖരിക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വിവിധ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. പീപ്പിൾസ് ലിബറേഷൻ ആർമ്മിയുടെ എയർഫോഴ്സിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ബലൂണുകൾ അഞ്ച് ഭൂഖണ്ഡങ്ങളിലും കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയുടെ ആകാശത്ത് കണ്ടെത്തിയ ചാരബലൂൺ യുഎസ് സെന്യം വെടിവെച്ച് വീഴ്ത്തിയിരുന്നു. യുദ്ധവിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ചാണ് ബലൂൺ വെടിവെച്ചിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ അമേരിക്കൻ സൈന്യം കഴിഞ്ഞദിവസം പുറത്തുവിട്ടു. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂൺ ഗതിമാറി അമേരിക്കയിൽ എത്തിയതാണ് എന്നായിരുന്നു ചൈനയുടെ വിശദീകരണം. ബലൂൺ തകർത്തതിന് പിന്നാലെ അനിവാര്യാമായ തിരിച്ചടി നൽകുമെന്ന് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി രംഗത്തുവന്നു.
ബലൂൺ കണ്ടെത്തിയതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് യാത്ര റദ്ദാക്കിയിരുന്നു. ബലൂണിനെ ചൊല്ലിയുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ഇപ്പോൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
Comments