കൊളംബോ: ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ശ്രീലങ്ക. ജാഫ്ന സാംസ്കാരിക കേന്ദ്രം ജനങ്ങൾക്കായി സമർപ്പിക്കുന്ന വേളയിലാണ് വടക്കൻ ശ്രീലങ്കൻ പ്രവിശ്യ ഗവർണർ ജീവൻ ത്യാഗരാജ നന്ദി അറിയിച്ചത്. രാജ്യത്തെ ലോക കലകളുമായി ബന്ധിപ്പിക്കുന്നതിനുള്ള മാദ്ധ്യമമാകും സാംസ്കാരിക കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിൽ സാംസ്കാരിക കേന്ദ്രം പടുത്തുയർത്തുന്നതിൽ ഇന്ത്യയുടെ സംഭാവന വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിന്റെ നേർച്ചിത്രമായി ഇത് നിലകൊള്ളും. ശ്രീലങ്കരുടെ പ്രാദേശിക സംസ്കാരം, ചരിത്രം,വിശ്വാസം എന്നിവയെല്ലാം സാംസ്കാരിക കേന്ദ്രവുമായി ഇഴച്ചേർന്നിരിക്കുകയാണെന്നും ഗവർണർ ജീവൻ ത്യാഗരാജ പറഞ്ഞു.
2014 ജൂൺ 14-നാണ് ജാഫ്ന സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി ധാരണാപത്രം ഒപ്പുവെച്ചത്. തുടർന്ന് 2022 മാർച്ചിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുടെ ശ്രീലങ്കൻ സന്ദർശന വേളയിൽ ഓൺലൈനായി ഉദ്ഘാടന കർമം നിർവഹിച്ചിരുന്നു.
Comments