കടന്നുപോയത് ഏറ്റവും പ്രയാസമേറിയ ഒരു ദിവസത്തിലൂടെയാണെന്ന് കരുതുക.. തൊഴിലിടം നൽകുന്ന സമ്മർദ്ദങ്ങളിൽ നിന്നും രക്ഷതേടി ഒടുവിൽ വീട്ടിലെത്തുമ്പോൾ ഏതൊരാളും ആഗ്രഹിക്കുന്നത് വീട്ടുകാരുടെ ആശ്വാസ വാക്കുകളാണ്. പ്രത്യേകിച്ചും ജോലിക്കാരായ അമ്മമാർ.. ഓഫീസിൽ നിന്നെത്തിയ അമ്മയ്‌ക്ക് തന്റെ മകൾ എഴുതി വച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കാൻ കാരണവും ഇതുതന്നെയാണ്.
”പ്രിയപ്പെട്ട അമ്മേ..
അമ്മ കടന്നുപോയത് പ്രയാസമേറിയ ദിനത്തിലൂടെയാണെങ്കിൽ എന്നോട് ക്ഷമിക്കൂ.. ” ഇതാണ് വൈറലാകുന്ന ആ കുറിപ്പ്. വെറും ആറ് വയസുള്ള മകൾ തനിക്കായി എഴുതിവച്ച കുറിപ്പാണിതെന്ന് അമ്മ പറയുന്നു. ഒപ്പം കുറിപ്പിന്റെ ഫോട്ടോയും അവർ പങ്കുവച്ചു. മരണം വരെയും ഈ കുറിപ്പ് താൻ സൂക്ഷിക്കുമെന്ന തലക്കെട്ടോടെയാണ് അവർ ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആറ് വയസുള്ള പെൺകുട്ടി തന്റെ കൈപ്പടയിൽ എഴുതിയ കുറിപ്പിൽ അക്ഷരത്തെറ്റുകളുണ്ടെങ്കിലും അവൾ എഴുതിയ വരികളെ കൂടുതൽ മനോഹരമാക്കിയത് അതേ തെറ്റുകൾ തന്നെയാണെന്ന് പലരും ട്വീറ്റിന് താഴെ അഭിപ്രായപ്പെട്ടു. അറിയാവുന്ന ഭാഷയിൽ, അറിയാവുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് കൊച്ചുമിടുക്കി തന്റെ അമ്മയ്‌ക്ക് വേണ്ടി എഴുതിയ വരികളെ നിരവധി പേരാണ് പ്രശംസിച്ചത്..















