ന്യൂഡൽഹി: വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള രണ്ടുപേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ. ബെംഗളൂരുവിൽ നിന്നും മൊഹമ്മദ് ആരിഫ് എന്ന ഭീകരനെയും, മഹാരാഷ്ട്രയിലെ താനെയിൽ നിന്നും ഹംറാസ് വർഷിദ് ഷെയ്ഖ് എന്ന ഭീകരനെയുമാണ് പിടികൂടിയത്.
യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ ഇരുവരും നടത്തിയിരുന്നു.
പ്രതികൾ തീവ്രവാദ സംഘടനകളുമായി ഗൂഢാലോചന നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് പോകാനും ഭീകരർ പദ്ധതിയിട്ടെന്നും എൻഐഎ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്ന ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ എൻഐഎ ശക്തമാക്കിയിരുന്നു. പരിശോധനയിൽ അൽ-ഖ്വായ്ദയുമായി ബന്ധമുള്ള ആരിഫ് എന്ന ഭീകരനെ അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്നു ആരിഫ്. രണ്ട് വർഷത്തിലേറെയായി ഇന്റർനെറ്റ് വഴി ഭീകരരുമായി ബന്ധപ്പെട്ടിരുന്നു. കൂടാതെ, ഐഎസിൽ ചേരാൻ ഇറാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാനുള്ള പദ്ധതികളും തയ്യാറാക്കിയിരുന്നതായി എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
Comments