ലക്‌നൗ: ഇന്ത്യയുടേത് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു. രാജ്യത്തെ സർവ്വകലാശാലകളും സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങളും അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഗവേഷണങ്ങൾക്കായി വിദ്യാർത്ഥികളെ പ്രോത്സാഹിക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.
വിദ്യാർത്ഥികളുടെ പരിശ്രമങ്ങൾ ഇന്ത്യയെ ശാസ്ത്ര-സാങ്കേതിക രംഗത്ത് ഒരു മുൻനിര രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള ഒരു പ്രധാന സംഭാവനയായിരിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഉത്തർപ്രദേശിലെ ലക്നൗവിലെ ബാബാസാഹിബ് ഭീംറാവു അംബേദ്കർ സർവ്വകലാശാലയുടെ പത്താം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു.
‘നമ്മുടെ സർവ്വകലാശാലകൾ പൊതുജനക്ഷേമത്തിനായി പുതിയ ഗവേഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങളായും, നാലാം വ്യാവസായിക വിപ്ലവത്തിന്റെ കേന്ദ്രമായും, സ്റ്റാർട്ടപ്പുകൾക്കുള്ള ഇൻകുബേഷൻ കേന്ദ്രമായും സ്വയം വികസിക്കണം. ദരിദ്രർക്കും വിദ്യാഭ്യാസം നൽകുക എന്നത് ഒരു സർവ്വകലാശാലയുടെ മൗലിക കടമയാണെന്ന് ബാബാസാഹേബ് ഡോ. ഭീംറാവു അംബേദ്കർ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മുൻ നിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവേചനമില്ലാതെ എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകണം’. രാഷ്‌ട്രപതി പറഞ്ഞു.
ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവ്വകലാശാല 50 ശതമാനം സംവരണം നൽകിക്കൊണ്ട് എസ്സി, എസ്ടി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി സ്തുത്യർഹമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. എല്ലാവർക്കും വിദ്യാഭ്യാസം നൽകുകയെന്ന അംബേദ്കറിന്റെ ആദർശം ഉയർത്തിപ്പിടിച്ച് സർവ്വകലാശാല പ്രവർത്തനം തുടരണമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
Comments