ലക്നൗ: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജി 20 ഡിജിറ്റൽ എക്കണോമി വർക്കിംങ് ഗ്രൂപ്പിന്റെ സമ്മേളനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രഐടി മന്ത്രി അശ്വനി വൈഷ്ണവും ചേർന്ന് നിർവഹിച്ചു. ഫെബ്രുവരി 13 മുതൽ 15 വരെ ലക്നൗവിലാണ് സമ്മേളനം നടക്കുക. വെർച്വൽ റിയാലിറ്റി, വിവിധ മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗം, ഡിജിറ്റൽ ഇന്ത്യയുടെ നാൾവഴികൾ എന്നിവയെക്കുറിച്ച് സമ്മേളനത്തിൽ ചർച്ച ചെയ്യും.
സാങ്കേതിക നൂതന പരിഷ്കാരങ്ങൾ, ഡിജിറ്റൽ ധനവിനിയോഗം, സൈബർ സെക്യൂരിറ്റി എന്നിവ പ്രോത്സാഹിപ്പുന്നതിൽ ഡിജിറ്റൽ എക്കണോമി വർക്കിംങ് ഗ്രൂപ്പ് വഹിക്കുന്ന പങ്കിനെക്കുറിച്ച് ഐടി മന്ത്രാലയം സെക്രട്ടറി അൽകേഷ് കുമാർശർമ്മ വിവരിച്ചു. ആഗോള നിക്ഷേപ ഉച്ചകോടിയിൽ 33,50,000 കോടിയുടെ നിക്ഷേപം ഉത്തർ പ്രദേശിന് ലഭിച്ചതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിൽ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ നൂതനമായ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ രാജ്യമെമ്പാടും പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് കേന്ദ്രമന്ത്രി അശ്വതി വൈഷ്ണവും സംസാരിച്ചു.
ഡിജിറ്റൽ എക്കണോമി വർക്കിംങ് ഗ്രൂപ്പ് സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ മേധാവിമാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വരും മാസങ്ങളിൽ പുനെ, ഹൈദരാബാദ്, ബെംഗളുരു നഗരങ്ങളിൽ ഡിജിറ്റൽ എക്കണോമി വർക്കിംങ് ഗ്രൂപ്പ് യോഗങ്ങൾ നടക്കും. മന്ത്രിതല സമ്മേളനം ബെംഗളുരുവിൽ ജൂൺ മാസത്തിലാണ് നടക്കുക.
Comments