ന്യൂഡൽഹി: ഇന്ത്യ നൽകിയ കാര്യക്ഷമമായ പിന്തുണയിൽ കടപ്പാട് അറിയിച്ച് ശ്രീലങ്കൻ ഹൈക്കമീഷണർ മിലിന്ദ മൊറഗോഡ. കടുത്ത സാമ്പത്തിക തകർച്ചയിലായിരുന്ന ശ്രീലങ്കയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനായി അന്താരാഷ്ട്ര നാണ്യ നിധി ആവിഷ്കരിച്ച വായ്പാ പുനഃക്രമീകരണ പദ്ധതിയിൽ ആദ്യം ജാമ്യം നിന്നത് ഇന്ത്യയാണ്. ജി -20 ധനമന്ത്രിമാരുടെ യോഗത്തിന് മുൻപ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടികാഴ്ചയിലാണ് അദ്ദേഹം നന്ദി അറിയിച്ചത്.
രാജ്യം സാമ്പത്തിക സ്ഥിതി വീണ്ടെടുക്കുന്ന ഘട്ടത്തിൽ ഇന്ത്യ നൽകിയ കരുത്താർന്ന പിന്തുണ വളരെ നിർണ്ണായകമായിരുന്നു. ഉഭയകക്ഷി വാണിജ്യത്തിന് ‘ ഇന്ത്യൻ രൂപ ‘ അടിസ്ഥാന മാദ്ധ്യമമായി നിശ്ചയിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതിലും ലങ്കൻ ഹൈക്കമീഷണർ നിർമ്മലാ സീതാരാമനെ നന്ദി അറിയിച്ചു. ഇന്ത്യ ശ്രീലങ്കക്ക് അനുവദിച്ചിരിക്കുന്ന ക്രെഡിറ്റ് സമ്പ്രദായം ഉപയോഗിച്ച് അവശ്യ വസ്തുക്കളുടെയും ജീവൻരക്ഷാ ഔഷധങ്ങളുടെയും ഇറക്കുമതി ത്വരിതപ്പെടുത്തുന്നതിനു നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചു ഇരുവരും ചർച്ച ചെയ്തു .
ശ്രീലങ്കക്ക് സാമ്പത്തിക സുസ്ഥിരത കൈവരിയ്ക്കാനായി ഇന്ത്യൻ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു . കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ,ഉർജ്ജം,ഗതാഗതം,ആരോഗ്യം,വ്യാപാരം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയും ദ്വീപ് രാഷ്ട്ര സന്ദർശനവേളയിൽ അദ്ദേഹം നടത്തിയിരുന്നു .
അടുത്തിടെ ശ്രീലങ്കരുടെ പ്രാദേശിക സംസ്കാരം, ചരിത്രം,വിശ്വാസം എന്നിവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്ന ജാഫ്ന സാംസ്കാരിക കേന്ദ്രം പടുത്തുയർത്തുന്നതിൽ ഇന്ത്യയുടെ സംഭാവന വിലമതിക്കാനാകാത്തതാണ്. ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിന്റെ നേർച്ചിത്രമായി ഇത് നിലകൊള്ളും.
Comments