ന്യൂഡൽഹി: ഇന്ത്യൻ താരം ചേതേശ്വർ പൂജാര തന്റെ നൂറാമത്തെ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ പരമ്പരയിലെ രണ്ടാമത്തെ മത്സരം പൂജാരയുടെ നൂറാമത് അന്താരാഷ്‌ട്ര ടെസ്റ്റ് മത്സരമാണ്. ഈ നേട്ടത്തിലെത്തുന്ന 13-മത്തെ ഇന്ത്യൻ താരമാണ് പൂജാര.
ഭാര്യ പൂജക്കൊപ്പമായിരുന്നു പൂജാര പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ട്വിറ്ററിലൂടെയാണ് പൂജാരെ സന്തോഷം പങ്കുവെച്ചത്. ‘മത്സരത്തിന് മുന്നോടിയായി പ്രധാനമന്ത്രി നൽകിയ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി’ എന്നായിരുന്നു പൂജാരയുടെ ട്വീറ്റ്. നിങ്ങളേയും പൂജയെയും ഇന്ന് കാണാൻ സാധിച്ചതിൽ സന്തോഷം. നൂറാം മത്സരത്തിനും നിങ്ങളുടെ ഭാവിക്കും ആശംസകൾ എന്നായിരുന്നു പൂജാരയുടെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് .
200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ തെൻഡുൽക്കറിന്റെ പേരിലാണ് എക്കാലത്തെയും മികച്ച റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. സച്ചിനെ കൂടാതെ കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, ദിലീപ് വെങ്‌സർക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, അനിൽ കുംബ്ലേ, സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, വീരേന്ദ്ര സേവാഗ്, വിരാട് കൊഹിലി, ഇഷാൻ ഷർമ്മ എന്നിവരാണ് 100 മത്സരങ്ങൾ കളിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ.
2010-ൽ ബെംഗളൂരുവിൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു പൂജാരയുടെ ടെസ്റ്റ് അരങ്ങേറ്റം. 35 കാരനായ താരം മൂന്ന് ഇരട്ട സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ 19 സെഞ്ചറികളും 34 അർത്ഥ സെഞ്ച്വറികളും സഹിതം 7021 റൺസ് നേടിയിട്ടുണ്ട്.















