മുംബൈ : 84 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവതി പിടിയിൽ. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് യുവതിയെ പിടികൂടിയത്. ഹരാരെയിൽ നിന്ന് മുംബൈയിലെത്തിയ യുവതിയാണ് പിടിയിലായത്.
യുവതിയുടെ സംശയാസ്പദമായ നീക്കങ്ങൾ ഡിആർഐയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗേജിൽ നിന്നും 11.94 കിലോഗ്രാം ഹെറോയിൻ കണ്ടെത്തി. വിപണിയിൽ 84 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്.
ചോദ്യം ചെയ്യലിൽ ഹരാരെയിൽ നിന്ന് കടത്തിയ മയക്കുമരുന്ന് മുംബൈയിൽ എത്തിക്കാനായിരുന്നു ശ്രമമെന്ന് യുവതി വെളിപ്പെടുത്തി. യുവതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വീകർത്താവിനെയും ഡിആർഐ അറസ്റ്റ് ചെയ്തു.
1985-ലെ എൻഡിപിഎസ് ആക്ട് പ്രകാരമാണ് യുവതിയെയും രണ്ട് സ്വീകർത്താക്കളെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Comments