ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി. പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുമ്പിൽ പ്രതിഷേധം നടത്തിയതിനാണ് ഇമ്രാൻ ഖാനെതിരെ കേസെടുത്തത്. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ വസീറാബാദിൽ നടന്ന റാലിക്കിടെ വധശ്രമത്തിൽ പരിക്കേറ്റിരുന്നു. ഇത് സംബന്ധിച്ച് മെഡിക്കൽ കാരണങ്ങളാൽ ജാമ്യത്തിലായിരുന്നു അദ്ദേഹം.
ഒന്നരമണിക്കൂർ കാത്തിരിപ്പിനൊടുവിലാണ് എടിസി ജഡ്ജി രാജാ ജവാദ് അബ്ബാസ് ഹസ്സൻ വിധി പ്രസ്താവിച്ചത്. ഉത്തരവ് ഇമ്രാന് പ്രതികൂലമായതിനാൽ വൈകാതെ അറസ്റ്റ് നടന്നേക്കുമെന്നാണ് സൂചന. പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച തോഷഖാന കേസിലെ വിധിക്കെതിരെ ഇമ്രാൻ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ്.
കേസിലെ മുൻ വാദം ഇമ്രാൻ ഖാൻ ഇല്ലാതെയാണ് നടന്നത്. അദ്ദേഹത്തിന്റെ അഭിഭാഷകൻ ബാബർ അവാൻ വാദം നടത്തുകയായിരുന്നു. എന്നാൽ പ്രതികൾ ഹാജരാകാതെ മെറിറ്റ് കേസ് കേൾക്കാനാകില്ലെന്നും ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ മാത്രമാണ് വാദത്തിൽ കണക്കിലെടുക്കുകയെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു.
Comments