മുംബൈ:മഹാരാഷ്ട്രയിലെ ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്ന് പുനർനാമകരണം ചെയ്യാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ഒസ്മാനാബാദിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് പറഞ്ഞു. ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെ കത്ത് കഴിഞ്ഞ ചൊവ്വാഴ്ച ലഭിച്ചതായി സംസ്ഥാന സർക്കാർ പ്ലീഡർ അറിയിച്ചു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ വർഷമാണ് ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകൾ പേരുകൾ മാറ്റാനുള്ള തീരുമാനം കൈകൊണ്ടത്. ഹൈദരാബാദിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന മിർ ഒസ്മാൻ അലി ഖാന്റെ പേരാണ് ഒസ്മാനാബാദിന് നൽകിയത്. ധാരാശിവ് എന്ന പുതിയ പേര് നഗരത്തിന് സമീപമുണ്ടായിരുന്ന ഗുഹകളുടേതാണ്.
മഹാരാഷ്ട്രയിലെ ബാലഘട്ട് പർവതനിരകളിൽ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 7 ഗുഹകളുടെ ശൃംഖലയാണ് ധാരാശിവ് ഗുഹകൾ. പുരാവസ്തു വകുപ്പ് ശ്രദ്ധിക്കുന്ന ധാരാശിവ് ഗുഹകൾ ജെയിംസ് ബർഗസിന്റെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളതാണ്.
Comments