തൃശൂർ: മാളയിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടി. ഫൈസൽ, ആഷ്ലി എന്നിവരാണ് അറസ്റ്റിലായത്. വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് പിടിയിലായ ഫൈസൽ. ഇരുവരിൽ നിന്നുമായി 45 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മാള അഷ്ടമിച്ചിറയിൽ ഫൈസലിന്റെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അപരിചിതർ നിത്യേന വീട്ടിലെത്തുന്നുണ്ടെന്നായിരുന്നു ലഭിച്ച സൂചന. തുടർന്ന് പോലീസും മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡും ശനിയാഴ്ച രാവിലെ വീട്ടിലെത്തി പരിശോധന നടത്തി ലഹരിമരുന്ന് കണ്ടെത്തി.
യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമാണ് ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം. മയക്കുമരുന്ന് വിതരണം ചെയ്തവരെ കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Comments