തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം 27-ന് ആരംഭിക്കും. കൊറോണ മഹാമാരി നഷ്ടപ്പെടുത്തിയ രണ്ടു വർഷങ്ങൾക്ക് ശേഷം പൊങ്കാല മഹോത്സവം പൂർണ്ണ തോതിൽ കൊണ്ടാടാൻ തയ്യാറെടുക്കുകയാണ് അനന്തപുരി. ഇത്തവണ അമ്മയുടെ തിരുസന്നിധിയിൽ പൊങ്കാലയിടാൻ മുമ്പത്തേക്കാൾ കൂടുതൽ സ്ത്രീ ജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
27-ന് പുലർച്ചെ 4.30ന് കാപ്പ് കെട്ടി കുടിയിരുന്നതൊടെയാണ് പൊങ്കാല മഹോത്സവത്തിന്റെ ചടങ്ങുകൾ ആരംഭിക്കുക. മാർച്ച് ഏഴിനാണ് പൊങ്കാല. രാവിലെ 10.30ന് പൊങ്കാല അടുപ്പിൽ അഗ്‌നി പകരും. ഉച്ചപൂജയ്‌ക്കു ശേഷം 2.30ന് പൊങ്കാല നിവേദിക്കും. 732 ബാലന്മാർ ഇത്തവണ കുത്തിയോട്ടത്തിന് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച് ഒന്നിന് രാവിലെ 9.20ന് കുത്തിയോട്ട വ്രതം ആരംഭിക്കും.
മാർച്ച് ആറ് വരെ എന്നും അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളിൽ കലാപരിപാടികൾ ഉണ്ടാകും. രാവിലെ ആറിന് ആരംഭിക്കുന്ന പരിപാടികൾ രാത്രി 11 വരെ നീളും. 27-ന് വൈകിട്ട് ആറിന് ചലച്ചിത്രതാരം ഉണ്ണിമുകുന്ദൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സമൂഹ്യ പ്രവർത്തക ഡോ.പി.ഭാനുമതിക്ക് ആറ്റുകാൽ അംബാ പുരസ്‌കാരം നൽകും.
ഭക്തലക്ഷങ്ങളെ വരവേൽക്കാൻ പ്രാദേശിക കമ്മിറ്റികളും വിവിധ സംഘടനകളും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ നാനാഭാഗങ്ങളിൽ പ്രാദേശിക ഉത്സവ സമിതികൾ പ്രവർത്തനം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലെത്തി. ഒരുക്കങ്ങൾ വിലയിരുത്താനുള്ള യോഗം ജില്ല കലക്ടർ ജെറോമിക് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്നു.
Comments