ലക്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മാഘ് മേളയിൽ പങ്കെടുത്തത് 9 കോടി ഭക്തജനങ്ങൾ. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മാസം നീണ്ടു നിന്ന ഉത്സവം പ്രയാഗ്രാജിൽ നടന്നത്. മുൻ വർഷങ്ങളിലേക്കാൾ ഇരട്ടി ഭക്തരാണ് ഈ വർഷം മേളയിൽ പങ്കെടുത്തത്.
മേളയിൽ പങ്കെടുക്കാനെത്തുന്ന ഭക്തർ ഒരു മാസം താമസിക്കുന്നത് കൂടാരങ്ങളിലാണ്. രണ്ട് നേരം ഗംഗയിൽ മുങ്ങി കുളിക്കുകയും ഒരു നേരം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഇവരുടെ രീതികൾ ശ്രദ്ധേയമാണ്. പൂജ മന്ത്രങ്ങൾ കേട്ടും മതഗ്രന്ഥങ്ങൾ വായിച്ചും ബാക്കിയുള്ള സമയം അവർ ചെലവഴിക്കുന്നു.
കഴിഞ്ഞമാസം 21-ന് നടന്ന മാഘ് മേളയിലെ മൂന്നാമത്തെ സ്നാന ഉത്സവമായ മുനി അമാവാസിയിൽ രണ്ട് കോടിയിലധികം ഭക്തരാണ് ഗംഗയിലും ത്രിവേണി സംഗമത്തിലും മുങ്ങി തൊഴുതത്. 2025-ൽ നടക്കാനിരിക്കുന്ന മഹാ കുംഭമേളയുടെ ട്രയൽ റൺ എന്ന നിലയിലാണ് മാഘ് മേളയെ കണക്കാക്കുന്നത്. ഇത്തവണ 14 പോലീസ് സ്റ്റേഷനുകളെയും 38 പോലീസ് സംഘങ്ങളെയുമാണ് സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സജ്ജീകരിച്ചത്.
Comments