ഇസ്ലാമാബാദ് : ഇസ്ലാമിക ജീവിതം തുടരാനായി ഷോകൾ നടത്തുന്നത് നിർത്തുകയാണെന്ന് പാക് നടി അനും ഫയാസ്. ബേഖാദർ, യേ ചഹാതീൻ യേ ഷിദ്ദാതീൻ തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടിയാണ് അനും ഫയാസ്. എന്നാൽ ഇനി താൻ അള്ളാഹുവിന്റെ വഴിയേ പോകുകയാണെന്നും ‘കൂടുതൽ ഇസ്ലാമിക ജീവിതശൈലി’ പിന്തുടരുന്നതിനായി ഷോകൾ നടത്തുന്നത് ഉപേക്ഷിക്കുകയാണെന്നുമാണ് അനുഫയാസ് പറയുന്നത്.
“നിങ്ങൾ എല്ലാവരും എന്റെ മാദ്ധ്യമ ജീവിതത്തെ വളരെയധികം പിന്തുണച്ചതിനാൽ ഇത് എനിക്ക് പറയുന്നതിൽ ബുദ്ധിമുട്ടുണ്ട് . ഞാൻ എന്റെ അഭിനയ ജീവിതം ഉപേക്ഷിച്ച് കൂടുതൽ ഇസ്ലാമിക ജീവിതശൈലി പിന്തുടരാൻ തീരുമാനിച്ചു, ഡിജിറ്റൽ സാന്നിധ്യം ഞാൻ ഉപേക്ഷിക്കുകയാണ് . ഈ യാത്രയിൽ എന്നെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ ഞാൻ നിങ്ങളോട് ദയയോടെ അപേക്ഷിക്കുന്നു. വളരെ നന്ദി നിങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിനും പിന്തുണയ്ക്കും.” അനുഫയാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്.
അഹമ്മദ് ഹബീബ് കി ബേടിയാൻ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. തുടർന്ന് സമീപകാല ഹിറ്റ് ഡ്രാമകളിലും അവർ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. എങ്കിലും, കുറച്ചുകാലമായി, താരം സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുകയും ഹിജാബ് ധരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് തന്റെ പുതിയ മത യാത്രയെക്കുറിച്ച് സൂചന നൽകുകയും ചെയ്തിരുന്നു .
Comments