കോട്ടയം: ഇരു നില വീടിന് തീപിടിച്ച് വയോധിക മരിച്ചു. കോട്ടയം മണിമല പാറവിളയിൽ രാജം (70) ആണ് മരിച്ചത്. ഭർത്താവ് സെൽവരാജനും (76) മകൻ വീനിഷിനും (30) പരിക്കേറ്റിട്ടുണ്ട്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച അർധരാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. തീപിടുത്തത്തിൽ വീടിന്റെ താഴത്തെ നില പൂർണമായും കത്തി നശിച്ചു. വീടിന്റെ താഴത്തെ നിലയിലായിരുന്നു രാജവും സെൽവരാജും കിടന്നിരുന്നത്. അപകടം അറിഞ്ഞ് എത്തിയ പ്രദേശവാസികളും അഗ്നിരക്ഷാസേനയും ചേർന്നാണ് ഇരുവരേയും പുറത്ത് എത്തിച്ചത്. പുറത്തേക്ക് കൊണ്ടുവന്നപ്പോൾ വിഷപ്പുക ശ്വസിച്ച് രാജത്തിന്റെ സ്ഥിതി മോശമായിരുന്നു. വീടിന് സമീപം വാഹനം എത്താതത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. ഒരു കിലോമീറ്റർ നടന്നാണ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്.
വീടിന്റെ മുകൾ നിലയിലുണ്ടായിരുന്ന മകന്റെ ഭാര്യയും രണ്ട് മക്കളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം വീനിഷ് മുകൾ നിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പരിക്ക് പറ്റിയത്.
Comments