ഉലുവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. രാത്രി കുതിർത്തുവച്ച ഉലുവ അടുത്ത ദിവസം രാവിലെ ഉപയോഗിക്കും മുൻപ് ചൂടാക്കി കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റും. നല്ലൊരു ഡയറ്റ് ട്രിങ്ക് കൂടിയാണ് ഇത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള നല്ലൊരു വഴിയാണ് ഉലുവ വെള്ളം. ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ കുതിർത്ത വെള്ളം ഏറെ ഗുണം ചെയ്യും. ദഹനത്തിനു സഹായിക്കുന്ന അന്റാസിഡുകളുടെ ഉറവിടം കൂടിയാണ് ഉലുവ.
ആരോഗ്യകരമായി വണ്ണം കുറക്കുന്നതിനും ഏറെ നല്ലതാണ് ഉലുവച്ചായ. ഉലുവ വെള്ളത്തിൽ കുതിർത്തും കുതിർക്കാതെയും ചായക്കായി ഉപയോഗിക്കാവുന്നതാണ്. നന്നായി തിളപ്പിച്ച ശേഷം നാരങ്ങാ നീര് ചേർത്ത് കഴിക്കുന്നത് വണ്ണം കുറക്കുന്നതിനും ചാടിയ വയറ് കുറക്കുന്നതിനും നല്ലതാണ്. രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് വയറിന് ഉണ്ടാകുന്ന പ്രശനങ്ങൾ അകറ്റാനും സഹായിക്കും. ദഹനപ്രശ്നങ്ങളായ അസിഡിറ്റി, വയറിനു കനം എന്നിവ അകറ്റാനും സഹായിക്കുന്നു.
ഉലുവയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ദഹനവ്യവസ്ഥയുടെ പ്രവർത്തനം വർദ്ധിപ്പിക്കാനും ഗ്യാസ്ട്രൈറ്റിസ്, വയറുവേദന എന്നിവയുടെ ലക്ഷണങ്ങൾ കുറയ്‌ക്കാനും സഹായിക്കും. ദഹനക്കേട്, മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കുന്നതിനാൽ ഉലുവ വെള്ളം കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഉലുവയിൽ കാണപ്പെടുന്ന ലയിക്കുന്ന നാരാണ് ഗാലക്ടോമന്നൻ. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉലുവ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ നാരുകൾ ഹൃദയത്തിന് നല്ലതാണ്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നതുപോലെ തെറ്റായ രീതിയിൽ രക്തം കട്ടപിടിക്കുന്നത് തടയാനും ഇത് സഹായിക്കുന്നു. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്കും മേത്തി വെള്ളം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കും.















