തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് മുതൽ പാർക്കിങ് നിയന്ത്രണം ശക്തമാക്കി പോലീസ്. തിരക്ക് നിയന്ത്രിക്കാൻ നഗരത്തിൽ 750 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളായ കിള്ളിപ്പാലം-പാടശ്ശേരി-ആറ്റുകാൽ ബണ്ട് റോഡ്,അട്ടക്കുളങ്ങര-മണക്കാട്-മാർക്കറ്റ് റോഡ്,അട്ടക്കുളങ്ങര-വലിയപള്ളി റോഡ്,കമലേശ്വരം-വലിയപള്ളി റോഡ്,കൊഞ്ചിറവിള-ആറ്റുകാൽ റോഡ്,ഐരാണിമുട്ടം റോഡ് തുടങ്ങി പ്രധാന റോഡുകളിൽ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ക്ഷേത്രത്തിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ മണക്കാട് മാർക്കറ്റ് റോഡ് വഴി ക്ഷേത്രത്തിലേക്ക് എത്തിച്ചേരണം. ക്ഷേത്രത്തിൽ നിന്ന തിരിച്ച് മടങ്ങുന്നതിനായി മേടമുക്ക് മണക്കാട് വലിയപള്ളി, മണക്കാട്-ഈസ്റ്റ്-ഫോർട്ട് വഴി പോകണം.
ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന്റെ പാർക്കിങ്
ഗ്രൗണ്ടിലും, ഫാർമസി കോളേജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണമെന്ന്പോലീസ് അറിയിച്ചു. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാത്തെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
അടിയന്തര സാഹചര്യം നേരിട്ടാൽ വാഹനങ്ങൾ ക്ഷേത്രത്തിന്റെ തെക്കു വശത്ത് റോഡു വഴി ഹോമിയോ കോളേജ് , മരുതൂർക്കടവ് ,ബണ്ട് റോഡ് വഴി എമർജൻസി പാത സജ്ജമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്. പൊങ്കാല ദിവസവും തലേ ദിവസവും കഴക്കൂട്ടം മുതൽ കോവളം വരെയുള്ള ബൈപാസ് റോഡിനോട് ചേർന്നുള്ള സർവീസ് റോഡുകളിൽ പാർക്കിങ് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.
Comments