തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. പൊങ്കാല ദിവസമായ മാർച്ച് ഏഴ് ചൊവ്വാഴ്ച നാഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകളും നടത്തും. പുലർച്ചെ 1.45-ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ ഉണ്ടാകും. ഉച്ചക്ക് 2.45 -ന് തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്കും വൈകിട്ട് 3.30ന് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും പ്രത്യേക ട്രെയിനുകളും ലഭിക്കും.
കൂടാതെ, പൊങ്കാല ദിവസം നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത് നിർത്തിയിടും. തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ട്രെയിനുകള്‍ക്ക് പുറമെ കൂടുതല്‍ കോച്ചുകളും അധിക സ്റ്റോപ്പും ഒരുക്കും.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയ്‌ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.
കൊറോണക്ക് ശേഷമുള്ള ആദ്യ പൊങ്കാല ആഘോഷമാക്കുകയാണ് ജനങ്ങൾ. പൊങ്കാലക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ഉത്സവ ലഹരിയിലാണ് നാടും നഗരവും. തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പോലീസും പ്രയത്നിക്കും. യാത്രാ സൗകര്യവും സുരക്ഷയും ഉറപ്പാക്കും. ഇത്തവണ 50 ലക്ഷം പേർ പൊങ്കാലയിടാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments