കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തുടർച്ചയായ മൂന്നാം ദിനവും ചോദ്യം ചെയ്യാൻ ഇഡി. സിഎം രവീന്ദ്രനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊച്ചി ഇ ഡി ഓഫീസിൽ വെച്ച്
തുടർച്ചയായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചന.
സ്വപ്ന സുരേഷുമായുള്ളത് ഔദ്യോഗിക ബന്ധങ്ങൾ മാത്രമെന്ന് രവീന്ദ്രൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എം ശിവശങ്കർ തന്നെ കാണാൻ സ്വപ്നയോട് നിർദ്ദേശിച്ചതിലും അസ്വാഭാവികയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി എം രവീന്ദ്രന്റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ സ്വപ്ന സുരേഷും ശിവശങ്കറും ഉൾപ്പെട്ട ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ സി എം രവീന്ദ്രന് അറിവോ പങ്കാളിത്തമോ ഉണ്ടോയെന്ന് ഇഡി പരിശോധിച്ച് വരികയാണ്.
വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഇഡി ലൈഫ് മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച് കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. 19 കോടി രൂപ സാമ്പത്തിക സഹായം ലഭിച്ചതിൽ നാലരക്കോടിയും കമ്മീഷൻ ഇടപാടായാണ് മാറിയത്. ഇതിലാണ് ഇഡി അന്വേഷണം നടക്കുന്നത്.
എൻഐഎ പിടിച്ചെടുത്ത സ്വപ്നയുടെ രണ്ട് മൊബൈൽ ഫോണുകളിലും സിഎം രവീന്ദ്രനുമായുള്ള ചാറ്റുകളുണ്ടായിരുന്നു. കഴിഞ്ഞ ജൂണിലാണ് എൻഐഎ പിടിച്ചെടുത്ത സ്വപ്നയുടെ രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ സി ഡാക്കിൽ നിന്ന് ഇഡിയ്ക്ക് ലഭിച്ചത്. വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്തത്. 2020 ഡിസംബറിൽ 2 തവണ സി എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. ആദ്യ തവണ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിവായിരുന്നു.
Comments