ചണ്ഡിഗഡ്: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ വിശ്വസ്തൻ ഗുരിന്ദർ സിംഗ് അറസ്റ്റിൽ. യു കെയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അമൃത്സർ വിമാനത്താവളത്തിൽ വെച്ച് പഞ്ചാബ് പോലീസ് ഇയാളെ പിടികൂടിയത്.
ഗുരിന്ദർ സിംഗിനെതിരെ പഞ്ചാബ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. ജലന്ധർ സ്വദേശിയായ ഗുരീന്ദർ സിംഗാണ് അമൃത്പാൽ സിംഗിന്റെ സമൂഹ്യമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്.
രൂപ്നഗർ ജില്ലയിലെ വരീന്ദർ സിംഗിനെ തട്ടികൊണ്ട് പോയി മർദ്ദിച്ചുവെന്ന് ആരോപിച്ച് അമൃത്പാൽ സിങിനും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുഖ്യപ്രതിയായ അമൃത്പാൽ സിംഗിന്റെ അനുയായി ലവ്പ്രീത് സിംഗ് തൂഫനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അഞ്ജാലയിൽ വൻ പ്രതിഷേധമാണ് അലയടിച്ചത്. ഫെബ്രുവരി 23- ന് അമൃതസറിലെ അഞ്ജാല പോലീസ് സ്റ്റേഷനിൽ ഇയാളുടെ നേതൃത്വത്തിൽ ആയുധധാരികളായ സംഘം ആക്രമം നടത്തിയിരുന്നു. അന്ന് പോലീസ് ഓഫീസർമാർമാരെ ആക്രമിക്കാനും അമൃത്പാൽ ആഹ്വാനം ചെയ്തിരുന്നു.
Comments