തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ചുടുകട്ട ശേഖരണം പൂർത്തീകരിക്കാൻ സാധിക്കാതെ കോർപ്പറേഷൻ. നിരവധി വാർഡുകളിൽ നിന്നായി നൂറിലധികം ലോഡ് കട്ടകൾ ശേഖരിച്ച് പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ പാളയം, ഫോർട്ട്, സെക്രട്ടറിയേറ്റ് ഹെൽത്ത് സർക്കിളുകളിൽ ഇനിയും ചുടുകട്ടകൾ കിടക്കുന്നുണ്ട്. ഇന്ന് രാവിലെയോടെ മുഴുവൻ കട്ടകളും ശേഖരിക്കുമെന്നാണ് കോർപ്പറേഷൻ അറിയിച്ചിട്ടുള്ളത്.
പൊങ്കാല നടന്ന ചൊവ്വാഴ്ച തന്നെ മുഴുവൻ കട്ടകളും ശേഖരിക്കുമെന്നായിരുന്നു കോർപ്പറേഷന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 400 വോളന്റിയർമാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ 200-ഓളം പേർ മാത്രമാണ് കട്ട ശേഖരിക്കുന്നതിനായി എത്തിയത്. ഇതോടുകൂടി കോർപ്പറേഷന്റെ പദ്ധതി പാളുകായായിരുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ദിവസ വേതനത്തിന് തൊഴിലാളികളെ നിയോഗിച്ചെങ്കിലും പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചില്ല.
ഇന്നലെ ശുചീകരണ തൊഴിലാളികളും കട്ട ശേഖരിക്കുന്നതിന് പങ്കാളികളായെങ്കിലും കട്ട ശേഖരണം പൂർത്തീകരിക്കാനായിട്ടില്ല. ഇട റോഡുകളിൽ ഉൾപ്പടെ ഇപ്പോഴും കട്ടകൾ അവശേഷിക്കുകയാണ്. കട്ടകളിൽ വാഹനങ്ങൾ കയറിയിറങ്ങിയതോടെ കട്ടകൾ പൊട്ടി മിക്കയിടത്തും പൊടി ശല്യം രൂക്ഷമായിരിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ചുടുകട്ടകൾ ആവശ്യമുള്ളവർ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ച വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ 25 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
Comments