ബെംഗളൂരു: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലിന്റെ പരമാർശങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാണ്ഡ്യയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലണ്ടനിൽ ബസവേശ്വര പ്രതിമ അനാഛാദനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. എന്നാൽ അതേ ഭൂമിയിൽ വെച്ചാണ് ഇന്ത്യൻ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനയുണ്ടായത് എന്നതാണ് വിഷമകരം. കർണാടകയിലെയും ഇന്ത്യയിലെയും ജനങ്ങളെയും വെല്ലുവിളിക്കുന്നതിന് തുല്ല്യമാണിത്. എന്നാൽ ലോകത്തിലെ ഒരു ശക്തിയ്ക്കും ഇന്ത്യയുടെ ജനാധിപത്യത്തെ ചോദ്യം ചെയ്യാൻ സാധിക്കില്ല’. പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം വിവാദമായിരുന്നു. രാഹുൽ പരാമർശത്തിനെതിരെ ഉപരാഷ്ട്രപതി അടക്കം രംഗത്തുവന്നിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെ അധിക്ഷേപിക്കുന്ന പ്രസംഗത്തിന് സദസിൽ നിന്നുതന്നെ രാഹുലിന് വിമർശനമേൽക്കേണ്ടി വന്നിരുന്നു.
കർണാടകയിലെ മാണ്ഡ്യയിലെത്തിയാണ് 118 കിലോ മീറ്റർ ദൈർഘ്യമുളള എക്സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്. രണ്ട് കിലോമീറ്റർ ദൈർഘ്യമേറിയ റോഡ് ഷോയും പ്രധാനമന്ത്രി മാണ്ഡ്യയിൽ നടത്തി.
Comments